play-sharp-fill
അയ്യപ്പനെ സംരക്ഷിക്കുവാൻ ‘ഹിന്ദു മെമ്മോറിയൽ’ അനിവാര്യം ; അഡ്വ.അനിൽ ഐക്കര

അയ്യപ്പനെ സംരക്ഷിക്കുവാൻ ‘ഹിന്ദു മെമ്മോറിയൽ’ അനിവാര്യം ; അഡ്വ.അനിൽ ഐക്കര

സ്വന്തം ലേഖകൻ

കോട്ടയം:ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശന നിയന്ത്രണത്തെ സംബന്ധിച്ച വ്യവഹാരം സുപ്രീം കോടതി പരിഗണിച്ചത് തെറ്റായ നടപടിയാണ്. കാരണം സിവിൽ നിയമങ്ങളുടെ പരിഗണനയിൽ പെടാത്ത ഒന്നാണ് ആചാരാനുഷ്ഠാനങ്ങളും മത ചടങ്ങുകളും എന്ന് സിവിൽ നടപടി നിയമങ്ങളിൽ തന്നെ പറയുന്നുണ്ട്. മറ്റ് മതങ്ങളുടെ കാര്യത്തിൽ ഇടപെടുവാൻ മുട്ടു വിറയ്ക്കുന്ന കോടതികൾ, ഹിന്ദുവിന്റെ ഐക്യമില്ലായ്മയെ മറ്റുള്ളവരുടെ കൈയ്യടി നേടുവാൻ ഉപയോഗിക്കുകയാണ്. ശക്തമായി പ്രതികരിക്കുവാൻ പോലും നട്ടെല്ലില്ലാത്ത അവസ്ഥയിലാണിന്ന് സാധാരണ ഹിന്ദുവെന്നും ബാക്കിയുള്ളവരെ ചില രാഷ്ട്രീയ സംഘടനകൾ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിരിക്കുകയുമാണ്.

താഴെപ്പറയുന്ന കാരണങ്ങളാൽ ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശന നിയന്ത്രണം കാത്തു സൂക്ഷിക്കേണ്ടതായിരുന്നു. ഇതേ അവസ്ഥയിൽ തുടരുന്ന മസ്ജിദുകളുടെയും, ക്രിസ്ത്യൻ പുരോഹിത മേഖലകളിലും ഈ സമത്വം കോണ്ടുവരുവാൻ സുപ്രീം കോടതി നടപടി സ്വീകരിക്കാത്തത് തെറ്റിന്റെ ആഴം വർദ്ധിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഒരു ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച തീർപ്പുകൾ നടത്തുന്നത് അവിടുത്തെ തന്ത്രിയായിരിക്കും. ദേവപ്രശ്‌നം നടത്തി ഉചിതമെന്നു കാണുന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടാണ് എല്ലാ ക്ഷേത്രങ്ങളും നടത്തുന്നത്. ഇവിടെ ഹിന്ദുവിന്റെ അഭിമാനസ്തംഭമായ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി കടന്നു കയറി അഭിപ്രായപ്രകടനം നടത്തുകയായിരുന്നു.

2. സിവിൽ നടപടി നിയമം ഒൻപതാം വകുപ്പിന്റെ പ്രാമുഖ്യം സുപ്രീം കോടതി പരിഗണിച്ചില്ല. അതിൽ വിശദീകരണം ഒന്നാം ഭാഗത്ത് മതപരമായ ആചാരങ്ങളെയും ചടങ്ങുകളെയും സംബന്ധിച്ച തർക്കങ്ങൾ സിവിൽ തർക്കങ്ങളുടെ പരിധിയിൽ വരുന്നില്ല. അതു കൊണ്ടു തന്നെ കോടതികൾക്കവ പരിഗണീക്കുവാൻ അധികാരമില്ല. കസ്റ്റം അഥവാ ആചാരരീതികളെ എല്ലാ നിയമങ്ങളും മാനിക്കുന്നുണ്ട് ഇന്ത്യയിൽ. അതു കൊണ്ടാണ് സതി പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കുവാൻ പോലും പ്രത്യേക നിയമ നിർമ്മാണം നടത്തേണ്ടി വന്നത്.

3.ശബരിമലയുടെ ദർശനക്രമം സ്ത്രീകൾക്ക് അനുയോജ്യമായതല്ല. ഒരു വ്യക്തി നാല്പത്തൊന്നു ദിവസത്തെ വ്രതമെടുത്തുവേണം ശബരിമല കയറുവാൻ എന്നണു വിശ്വാസം. സ്ത്രീകൾക്ക് ഒരിക്കലും ഇപ്രകാരം താന്ത്രികാചാരപ്രകാരമുള്ള വിശുദ്ധിയോടെയുള്ള വ്രതാചരണം സാധ്യമല്ല. അതിനാലാണ് മാസമുറ തുടങ്ങിക്കഴിഞ്ഞാൽ, വിരാമം വരെയുള്ള കാലയളവ് അവർക്ക് ദർശന നിയന്ത്രണം ദേവഹിതമനുസരിച്ച് നിയന്ത്രിച്ചത്.

4.ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന തെറ്റിദ്ധാരണയിലാണ് കോടതികൾ ഇക്കര്യത്തിൽ ഇടപെട്ടത്.യഥാർത്ഥത്തിൽ ദർശനനിയന്ത്രണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പത്തു വയസ്സിനും അൻപത്തഞ്ചു വയസ്സിനുമിടയിൽ എന്ന നിയമം സർക്കാർ ഉണ്ടാക്കിയതായിരുന്നു.മാസമുറയ്ക്കു മുൻപുള്ള പ്രായത്തിലും ശേഷമുള്ള പ്രായത്തിലും സ്ത്രീകൾ സസന്തോഷം അവിടെ ദർശനം നടത്തി വരുന്നു.

5. ശബരിമലയിലെ സാനിറ്റേഷൻ സംവിധാനങ്ങളും മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളും യുവതികളെ പിന്തുണയ്ക്കുന്നില്ല. വരികൾ തെറ്റിച്ചുള്ള ആൾത്തിരക്കും മൂലം ശാരീരികക്ഷമത കുറഞ്ഞ സ്ത്രീകളുടെ ദർശനം അത്യധികം ആപൽക്കരമാവാനുള്ള സാധ്യതയുണ്ട്. പുരുഷന്മാർ തന്നെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടുന്ന കാഴ്ച സാധാരണമായ ശബരിമലയിൽ സ്ത്രീകളുടെ പ്രവാഹത്തെ മാനേജ് ചെയ്യുവാനുള്ള സംവിധാനങ്ങൾ സർക്കാരിനു ഒരുക്കുവാൻ പ്രയാസമാണ്. സാമൂഹിക വിരുദ്ധരുടെ സാന്നിദ്ധ്യത്തെ നിയന്ത്രിക്കുക അസാധ്യം തന്നെ ആയിരിക്കും.

5. ഒരു വിനോദയാത്രയുടെ ലാഘവത്തോടെയുള്ള ശബരിമല ദർശനം വിവിധങ്ങളായ സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങളാവും ഉണ്ടാക്കുക. നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറക്കും, വനഭൂമിയുടെ പവിത്രത കളങ്കപ്പെടും, കൂടാതെ കുടുംബത്തോടെയുള്ള ദർശനത്തിൽ കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥ വർദ്ധിക്കുകയും ചെയ്യും.

6.വിശ്വാസികളും സദ് വൃത്തരുമായ സ്ത്രീകൾ ഒരിക്കലും ശബരിമലയെ കളങ്കപ്പെടുത്തുവാൻ മലകയറിയെന്നു വരില്ല. മറിച്ച അന്യസംസ്ഥാനക്കാരും മാന്യത,വിശുദ്ധി ഇവ കാത്തു സൂക്ഷിക്കുവാൻ ഒരു താല്പര്യവുമില്ലാത്തവരുമായ സാമൂഹിക വിരുദ്ധതയുള്ള വനിതകൾ അപമര്യാദാകരമായ നടപടികളിലേക്ക് ശബരിമലയെ വലിച്ചിഴച്ചേക്കാം. ശബരിമലയുടെ പരിസരങ്ങൾ അനാശാസ്യം കേന്ദ്രങ്ങളാവുന്നതോടെ സദ് ഭക്തർക്ക് സമീപിക്കുവാനാവാത്ത വിധം ശബരിമലയുടെ പവിത്രത കളങ്കപ്പെടും.

7. വ്രതവിശുദ്ധിയുടെ കാര്യത്തിൽ സ്ത്രീകളുമായുള്ള സംസർഗ്ഗത്തെ കൂടി ഉൾപ്പെടുത്തി നിയന്ത്രണങ്ങളോടെ ബ്രഹ്മചര്യ നിഷ്ഠാപൂർവ്വം വരുന്ന അയ്യപ്പ ഭക്തർക്ക് രണ്ടും കൽപ്പിച്ച് വരുന്ന സ്ത്രീകൾ സൃഷ്ടിക്കുന്ന അരോചകത്വത്തെ എങ്ങനെ നേരിടുമെന്നാണ് സർക്കാർ പറയുന്നത്? അത്തരം സാഹചര്യത്തിൽ എന്താണ് ബഹു സുപ്രീം കോടതിയുടെ നിലപാട്.?

8. വിശ്വാസം എന്ന അടിസ്ഥാന പരമായ ഹൈന്ദവ അവകാശത്തെ, എങ്ങനെയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അവഗണിച്ചത്? ഹൈന്ദവ ചിന്തകളുടെ ആധാരശിലയായ ചൈതന്യം, താന്ത്രിക വിധി, വിശുദ്ധി ഇവയുടെ അവഗണന ഹൈന്ദവ ധർമ്മങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതിനു തുല്യമല്ലേ. മതങ്ങക്ക് നിലനിൽക്കുന്നത് വിശ്വാസങ്ങളിലല്ലേ, ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും ഇതേ തലത്തിലുള്ള അവകാശ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

9. ശബരിമലയിലെ ഉപാസനാ മൂർത്തിയായ അയ്യപ്പൻ ഒരു നിത്യബ്രഹ്മചാരിയാണ് ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികളെ ഒരു വ്യക്തിയായി പരിഗണിക്കുന്നതാണ് ഇന്ത്യൻ കോടതികളിലെ നിയമം. ആരാധനാമൂർത്തിക്കും അവകാശങ്ങളും ആത്മാവും ഉണ്ടെന്നും അതിനെ അസ്ഥിരപ്പെടുത്തിയാൽ ക്ഷേത്രസങ്കലപത്തെ ദോഷകരമായി ബാധിക്കും. ഇത് ചൈതന്യമില്ലാത്ത അവസ്ഥ ക്ഷേത്രത്തിനുണ്ടാക്കും. ഇന്ന് ഏറ്റവും പ്രമുഖമായ ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രത്തെ ഇല്ലാതാക്കുകയായിരുന്നു ഈ വിധിയ്ക്കു പിന്നിലെ പരാതിക്കാരുടെ ലക്ഷ്യം. സുപ്രീം കോടതി അതിനു കൂട്ട് നിൽക്കരുതായിരുന്നു. ഇങ്ങനെ ഓരോ ഹൈന്ദവ കേന്ദ്രങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ഗൂഡനീക്കങ്ങൾ നടക്കുന്നുണ്ട്. അതിനാണ് കുരിശുമല പോലുള്ള കൃത്രിമ തീർത്ഥാടന കേന്ദ്രങ്ങളെ വലർത്തിക്കൊണ്ടു വരുന്നത്.

10.ശബരിമല തീർത്ഥാടനത്തിനു പൊകുന്നവർ ആദ്യം ദർശനം നടത്തേണ്ടത് വാവർ പള്ളിയിലാണ്. ഒരു ഇസ്‌ളാം നിയന്ത്രിത കേന്ദ്രമായ വാവർ പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് അനിസ്‌ളാമികമാണ്. പള്ളി നിയന്ത്രിക്കപ്പെടുന്നത് ഇസ്‌ളാമിക വ്യക്തി നിയമങ്ങളാലാണ്, ന്യൂനപക്ഷ വിശ്വാസ കേന്ദ്രമായ വാവർ പള്ളിയിൽ പോകാതെ ശബരിമല കയറുന്നതും ആചാര വിരുദ്ധമാണ്. അതുകൊണ്ട് ഇസ്‌ളാമിക കേന്ദ്രമായ വാവർ പള്ളിയിലും കൂടി പ്രവേശനം നൽകാതെ ശബരിമല പ്രവേശനത്തിനുള്ള ഉത്തരവ് നൽകിയത് മത വിവേചനവും, ആചാര വിരുദ്ധവുമായ നീക്കമാണ്.

11.ആചാരങ്ങൾക്ക് മേലുള്ള കടന്നു കയറ്റത്തെ ഹൈന്ദവ വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമായി ഭക്തർ കാണും. ഇതിനെ അന്യമതസ്ഥരുമായിഉള്ള സംഘർഷങ്ങൾക്ക് പോലും കാരണമാക്കി മാറ്റിയെന്നു വരാം. ശബരിമലയിലെ തന്ത്രിയ്ക്ക് അധികാരം നൽകുന്ന നിർദ്ദശമായിരുന്നു ബഹു.സുപ്രീം കോടതി നൽകിയിരുന്നത് എങ്കിൽ ഭക്തർക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടാവുമായിരുന്നില്ല.

തീർച്ചയായും റിവ്യൂ ഹർജ്ജി പരിഗണിക്കേണ്ട വിഷയമാണിത്. മുൻപ് നൽകപ്പെട്ടിട്ടുള്ള റിവ്യൂ ഹർജ്ജികൾ പോലെയാവാത്ത വിധം സമ്മർദ്ദ പൂർവ്വമുള്ള ഒന്നായിരിക്കണം ഈ റിവ്യൂ ഹർജ്ജി. അതിനായി ആവശ്യമെങ്കിൽ പഴയകാലത്തെ ഈഴവ മെമ്മോറിയൽ പോലെയോ, മലയാളി മെമ്മോറിയൽ പോലെയോ, ഒരു ഹൈന്ദവ ജനകീയ ‘ഹിന്ദു മെമ്മോറിയൽ മൂവ്‌മെൻറ്’ നടത്തുക തന്നെ വേണം.