
നെഞ്ചിനുള്ളില്‍ ടി.പി, സഗൗരവം രമ; അഡ്വ. എ. രാജ ആകിയ നാന്…; 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പിണറായി വിജയന് മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിക്കുമ്പോള്‍ പ്രതിപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്. 140 അംഗങ്ങളില്‍ 53 പേര് പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്.
നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെല്ലിയത്. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഇവര്‍ പിന്നീട് ഒരു ദിവസം സ്പീക്കറുടെ ചേംബറില്‍ എത്തി സത്യവാചകം ചൊല്ലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രത്തില്‍ ആദ്യമായി ഐ.എന്‍.എല്‍ പ്രതിനിധിയും ഇക്കുറി മന്ത്രിയായി. ഐ.എന്‍.എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്. ദേവികുളം എംഎല്‍എ അഡ്വ. എ. രാജ തമിഴിലാണ് സത്യവാചകം ചൊല്ലിയത്.
51 വെട്ടിനുള്ള മധുരപ്രതികാരമെന്നോണം ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജും നെഞ്ചില്‍ ധരിച്ചുകൊണ്ടാണ് കെ.കെ രമ സത്യവാചകം ചൊല്ലിയത്. യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെ.കെ രമ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിറഞ്ഞ കൈയ്യടികളോടെയാണ് രമയെ സഭാംഗങ്ങള്‍ ഇരിപ്പിടത്തിലേക്കു മടക്കി അയച്ചത്.
ആര്.എം.പി പ്രതിനിധി എന്ന നിലയില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് രമ വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍ ആര്.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതില്‍ മൂന്നു പേര് മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസര്‍ ബിന്ദു, വീണ ജോര്‍ജ് എന്നിവരാണ് മന്ത്രിസഭയില്‍ ഇടം നേടിയ വനിതാ അംഗങ്ങള്‍.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം.