നഗരത്തിൽ അപകടകരമായി നിന്ന കെട്ടിടം പൊളിച്ചു നീക്കി: പൊളിച്ചു നീക്കിയത് അർധരാത്രിയിൽ നഗരസഭ അധികൃതർ എത്തി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ അപകടകരമായി നിന്ന കെട്ടിടം നഗരസഭ അധികൃതർ പൊളിച്ചു നീക്കി. കെട്ടിടം അപകടാവസ്ഥയിലായി ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ഉടമ ഇത് പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭ അധികൃതർ തയ്യാറായത്. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു നിന്ന നടപടികൾക്കൊടുവിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്.
റോഡിലേയ്ക്ക് അപകടകരമായ രീതിയിൽ നിന്നിരുന്ന കെട്ടിടം പൊളിച്ചു നീക്കുന്നത് ഏറെ ശ്രമകരമായിരുന്നു. പൊലീസ് സംഘവും നഗരസഭ അധികൃതരും എത്തി, ഗതാഗതം നിയന്ത്രിച്ച ശേഷമാണ് കെട്ടിടം പൊളിച്ചു മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും, അപകടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് രാത്രിയിൽ കെട്ടിടം പൊളിച്ചു നീക്കാൻ നടപടിയെടുത്തത്. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന പ്രവർത്തനങ്ങൾക്കൊടുവിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്. ജെസിബി ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചു നീക്കിയത്.
അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ കട ഉടമകൾ ചേർന്ന് റോഡിൽ കല്ലുകളും, മീഡിയനും സ്ഥാപിച്ച ശേഷം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.