video
play-sharp-fill
ലോക്ക് ഡൗണ്‍കാലത്ത് അനാഥാലയങ്ങളിലെ കുഞ്ഞുങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?; അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ കെട്ടുപോയ ജീവിതങ്ങള്‍; അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ പാവകളും കളിപ്പാട്ടങ്ങളുമായി ഡോള്‍സ് ഓഫ് ഹോപ്പ് പ്രവര്‍ത്തകര്‍ എത്തുന്നു; മാതൃകയാക്കാം ഈ നല്ല പാഠം

ലോക്ക് ഡൗണ്‍കാലത്ത് അനാഥാലയങ്ങളിലെ കുഞ്ഞുങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?; അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ കെട്ടുപോയ ജീവിതങ്ങള്‍; അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ പാവകളും കളിപ്പാട്ടങ്ങളുമായി ഡോള്‍സ് ഓഫ് ഹോപ്പ് പ്രവര്‍ത്തകര്‍ എത്തുന്നു; മാതൃകയാക്കാം ഈ നല്ല പാഠം

സ്വന്തം ലേഖകന്‍

കോട്ടയം: ലോകം മുഴുവന്‍ ഒരു കെട്ട കാലത്തിന്റെ മുനമ്പത്ത് നിസ്സഹായാരായി നില്‍ക്കുകയാണ്. അടച്ചുപൂട്ടലുകളുടെയും അതിജീവന ശ്രമങ്ങളുടെയും ഇടയില്‍ പെട്ടുപോയത് മുതിര്‍ന്നവരേക്കാള്‍ ഉപരി കുഞ്ഞുങ്ങളാണ്. രണ്ട് മാസത്തെ വേനലവധിക്കാലം മുഴുവന്‍ വീടിനുള്ളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍, സ്‌കൂള്‍ തുറക്കുന്ന സമയം കഴിഞ്ഞിട്ടും വീടുകള്‍ക്കുള്ളില്‍ തന്നെ പെട്ടുപോയകുട്ടികള്‍… ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുന്നു അവരുടെ തടങ്കല്‍ ജീവിതത്തിന്…

കോവിഡ് കാലത്ത് ഭക്ഷണപ്പൊതി വിതരണം ചെയ്യാനും മരുന്നുകള്‍ എത്തിക്കാനും ഏറെ കൂട്ടായ്മകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍ കുട്ടികളെ സന്തോഷിപ്പിക്കാനോ? പ്രത്യേകിച്ചും ഉറ്റവരില്ലാത്ത അനാഥരായ കുഞ്ഞുങ്ങളെ?.. അത്തരം ഒരു ചിന്തയില്‍ നിന്നാണ് ഡോള്‍സ് ഓഫ് ഹോപ്പ് പിറക്കുന്നത്.എന്‍എസ്എസ് വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചവരും സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ തല്പരരുമായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എറൈസ് കോട്ടയമാണ് ഈ കരുതലിന്റെ ആശയത്തിന് പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറ്റവരെ നഷ്ടെപ്പട്ട കുരുന്നുകള്‍ക്ക് പ്രതീക്ഷയുടെ കൈത്താങ്ങാകാന്‍ ഈ മഹാമാരിക്കാലത്ത് എറൈസ് കോട്ടയം എന്ന സോഷ്യല്‍ വോളന്റിയറിങ് കൂട്ടായ്മ തയ്യാറെടുക്കുന്നത് ‘ഡോള്‍സ് ഓഫ് ഹോപ്പ്’എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിലൂടെയാണ്. 5 വയസ്സില്‍ താഴെയുള്ള അനാഥരായ കുട്ടികള്‍ക്കായി പാവകളും കളിപ്പാട്ടങ്ങളും ശേഖരിച്ച് വിതരണം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. വീട്ടില്‍ കിടക്കുന്ന പഴയ പാവകള്‍ ഇവര്‍ക്ക് നല്‍കി തള്ളാം എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. പുതിയ പാവകള്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കൂ എന്ന് ഭാരവാഹികളായ അഖിലും അനഘയും ഒരേസ്വരത്തില്‍ പറയുന്നു.

അതിജീവനത്തിനായുള്ള സാമൂഹികവായു തേടുന്ന കുഞ്ഞുങ്ങള്‍ക്ക് പാവക്കൂട്ടുകാര്‍ വലിയ ആശ്വാസമാണ്. ലോക്ക് ഡൗണ്‍ കാലത്ത് കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വിചാരിക്കുന്നതിനപ്പുറമാണ്. 66ല്‍ അധികം കുട്ടികളാണ് ഈ കാലയളവിനുള്ളില്‍ സ്വയം മരണത്തിലേക്ക് പോയത് എന്ന കണക്ക് തന്നെ കുട്ടികള്‍ നേരിടുന്ന അതികഠിനമായ മാനസിക സംഘര്‍ഷങ്ങളുടെ ആഴം വെളിവാക്കുന്നതാണ്.

കുട്ടികള്‍ക്ക് മൂന്ന് നേരം ഭക്ഷണവും ഓണ്‍ലൈന്‍ ക്ലാസും മാത്രം മതി എന്ന ചിന്തിയില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. മുതിര്‍ന്നവരെ കൈകാര്യം ചെയ്യുന്നതുപോലെ ആകരുത് കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്.

ബെന്റനും ഡോറയും ഹള്‍ക്കും ചോട്ടാഭീം ബാര്‍ബിയുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കൂട്ട് ചെറുതല്ല, പ്രത്യേകിച്ചും അനാഥലയങ്ങളില്‍ ഉറ്റവരില്ലാതെ കഴിയുന്ന നമ്മുടെ കുരുന്ന് മക്കള്‍ക്ക്. എറൈസ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയിലെ ചേച്ചിമാരും ചേട്ടന്മാരും അവര്‍ക്കായി പാവകളെ ശേഖരിക്കുന്ന തിരക്കിലാണ്. നല്ല മാതൃക അനുകരിക്കാനും കൂട്ടായ്മയുടെ ഭാഗമാകാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും എറൈസ് ഭാരവാഹികള്‍ പറയുന്നു.

കളിപ്പാട്ടങ്ങള്‍ സംഭാവന ചെയ്ത് നിങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക; 9037488622- അഖില്‍, 91884 32796-സജിന്‍, 7561092476- അനന്തു. 8590449310- നിഖില്‍.