ഇപ്പോൾ ജാമ്യം പരിഗണിച്ചാൽ നേരത്തെയാകും: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ മാറ്റി വച്ച് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജലന്ധർ രൂപത മുൻ അധ്യക്ഷൻ ഫ്രാങ്കോ മുളയക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചാൽ ഇത് വളരെ നേരത്തെയാകുമെന്നു വിലയിരുത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. കേസിൽ കൂടുതൽ വാദം ഉന്നയിക്കാൻ സമയം അനുവദിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. പരാതി നൽകുന്നതിനു തൊട്ടു മുൻപ് ഫ്രാങ്കോയും പരാതിക്കാരിയായ കന്യാസ്ത്രീയും ഒന്നിച്ച് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയും, ഫോട്ടോയും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഈ ദൃശ്യങ്ങളിൽ ഇരുവരും ചിരിക്കുന്നതും, ഒന്നിച്ചിരിക്കുന്നതും സംസാരിക്കുന്നതും എല്ലാം വീഡിയോയിലും ഫോട്ടോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ പരാതി നൽകുന്നതിനു ദിവസങ്ങൾക്കു മുൻപു പോലും ഒന്നിച്ചിരുന്ന ബിഷപ്പിനെതിരെയാണ് കന്യാസ്ത്രീ പെട്ടന്ന് പരാതി നൽകിയതെന്നാണ് വാദം. ഇത് ഗുഡാലോചനയുടെ ഭാഗമാണെന്നും ബിഷപ്പിനു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ വാദിക്കുന്നു.
എന്നാൽ, കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി ഇപ്പോൾ ജാമ്യം നൽകിയാൽ ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ബിഷപ്പിനു സ്വാധീനമുണ്ടെന്നും, അതുകൊണ്ടു തന്നെ വാദികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദം. ഇത് കോടതി പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. ബുധനാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.