കോട്ടയം ജില്ലയിൽ വൻ കൃഷി നാശം: വടവാതൂരിലും കുമ്മനത്തും വൻ കൃഷിനാശം: ഏക്കർ കണക്കിന് കൃഷി നശിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷിയാണ് ജില്ലയിൽ നശിച്ചത്. നാട്ടകത്തും , നീലിമംഗലത്തും , കുമ്മനത്തും ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്. പലയിടത്തും മട തകർന്ന് പാടം മുഴുവനും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
കുമാരനല്ലൂർ നീലിമംഗലം പാടശേഖരത്തിൽ ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞത്. വെള്ളം നിറഞ്ഞതോടെ 25 ഏക്കറിലെ നെൽകൃഷി പൂർണമായും വെള്ളത്തിൽ മുങ്ങി. നെല്ല് വീണ്ടെടുക്കാനാവാതെ വന്നതോടെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയെ തുടർന്ന് വടവാതൂർ വിജയപുരം പുഞ്ചയിലെ 28 ഏക്കറോളം പാടത്തെ കൃഷിയാണ് നശിച്ചത്. കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനമാണ് പാടത്തെ കൊയ്ത്ത് പോലും പൂർത്തിയാക്കാനാകാതെ നഷ്ടപ്പെട്ടു പോയത്. കഴിഞ്ഞ ദിവസം ഈ പാടത്തെ കൃഷി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇവിടെ വെള്ളം നിറഞ്ഞു.
ഏറ്റുമാനൂർ കട്ടച്ചിറപ്പുഞ്ചയും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. ഈയാഴ്ച ഈ പാടശേഖരത്തിൽ കൊയ്ത്ത് നടത്താനിരുന്നതായിരുന്നു. ഇതിനിടെയാണ് ഇവിടെ മഴ പെയ്ത് പാടം മുഴുവൻ വെള്ളത്തിലായത്.
നാട്ടകം കാക്കൂർ -ചമ്പൻവേലി പാടത്തും കനത്ത മഴയിൽ മട വീണു. ഇവിടെയും ഏക്കർ കണക്കിന് ഭൂമിയാണ് വെള്ളത്തിലായത്. പത്തിലേറെ കർഷകർ ചേർന്ന് വിത്തിറക്കിയ കുമ്മനം അകത്തു പാടത്ത് കൊയ്ത്ത് ആരംഭിച്ചിരുന്നു. എന്നാൽ , കൊയ്ത്ത് പൂർത്തിയാക്കും മുൻപ് ഇവിടെ മട വീണു. 15 ഏക്കറിലെ കൃഷിയാണ് ഇവിടെ വെള്ളത്തിനടിയിലായി നശിച്ചുപോയത്.