സുപ്രീം കോടതി നടപടികൾ ഇനിമുതൽ തത്സമയം കാണാം; എല്ലാ കോടതികളിലും തത്സമയസംപ്രേഷണം നടക്കട്ടേയെന്നും സുപ്രീംകോടതി
സ്വന്തം ലേഖൻ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തുന്നതോടു കൂടി കൂടുതൽ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ പല കോടതികളിലും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളപ്പോഴാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴിയാകും ആദ്യം സംപ്രേക്ഷണം നടത്തുക. പിന്നീട് ഒരു ചാനൽ ആരംഭിക്കാവുന്നതാണെന്നും, ഇതിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായ് ഇന്ത്യ മാറും. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇതുമായ് ബന്ധപ്പെട്ട ഹർജി സമർപ്പിച്ചത്.