play-sharp-fill
‘മാലാഖ പട്ടം ചാർത്തി തരുന്നത് ഒരു പരിധിവരെ സുഖമുള്ള ഏർപ്പാടാണ്; സ്വന്തം അച്ഛന്റെയോ അമ്മയുടേയോ വരെ മലവും,ചലവും, മൂത്രവുമൊക്കെ കണ്ടാൽ അറച്ചു മാറിനിൽക്കുന്നരുണ്ട് ; ഇനി മാലാഖ, സോറി.. മനുഷ്യന് പറയാൻ ചിലതുണ്ട്’ ; നഴ്സസ് ദിനത്തിൽ ശ്രദ്ധേയമായി കുറിപ്പ് 

‘മാലാഖ പട്ടം ചാർത്തി തരുന്നത് ഒരു പരിധിവരെ സുഖമുള്ള ഏർപ്പാടാണ്; സ്വന്തം അച്ഛന്റെയോ അമ്മയുടേയോ വരെ മലവും,ചലവും, മൂത്രവുമൊക്കെ കണ്ടാൽ അറച്ചു മാറിനിൽക്കുന്നരുണ്ട് ; ഇനി മാലാഖ, സോറി.. മനുഷ്യന് പറയാൻ ചിലതുണ്ട്’ ; നഴ്സസ് ദിനത്തിൽ ശ്രദ്ധേയമായി കുറിപ്പ് 

 

സ്വന്തം ലേഖകൻ

 

കോട്ടയം : ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിങ്ങിന്റെ ഉപഞ്ജാതാവായ വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം. ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാർക്കും തേർഡ് ഐ ന്യൂസിന്റെ ആദരം..!

 

മാലാഖ എന്ന് വിളിച്ചു ആദരിക്കുമ്പോഴും ഏറ്റവുമധികം ചൂഷണം അനുഭവിക്കുന്ന വിഭാഗമാണ് നഴ്സുമാരുടേത്. മനുഷ്യരായി പരിഗണിക്കുക പോലും ചെയ്യാതെ, മഹാമാരിക്കാലത്ത് പോലും കുറഞ്ഞ വേതനത്തിൽ, ജീവൻ പണയം വച്ച്, രാപ്പകൽ പണിയെടുക്കുന്നവരാണ് മിക്ക ‘മാലാഖമാരും’…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നഴ്സസ് ദിനത്തിൽ ഹരിശങ്കർ സി എന്ന മെയിൽ നേഴ്സ് ഇന്റർനാഷണൽ മലയാളീ നഴ്സസ് അസംബ്ലി എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം;

 

 

‘പതിവ് തെറ്റിക്കാതെ ഇന്ന് മുതൽ തന്നെ ഓർത്തിരുന്നു ചിലരൊക്കെ നഴ്സസ് ഡേ വിഷ് ചെയ്തു. സ്വന്തം ജോലിയെ ഇത്രകണ്ട് മറ്റുള്ളവർ പുകഴ്തിപറയുന്നതും മാലാഖ പട്ടം ചാർത്തി തരുന്നതും ഒരു പരിധിവരെ കേൾക്കാൻ സുഖമുള്ള ഏർപ്പാടാണ്.

 

പക്ഷെ ഇനി ഈ മാലാഖ സോറി മനുഷ്യനു പറയാനുള്ള ചിലതുകൂടി ഉണ്ട്. മാസം പതിനയ്യായിരം രൂപക്ക് മാലാഖ(അടിമ)പണി എടുക്കുന്ന ഒരാളാണ് ഞാൻ. കൂടെ ജോലിചെയ്യുന്ന ചിലർ ആറായിരത്തിനും പതിനായിരത്തിനും ഒക്കെ ഈ പണി ചെയ്യുന്നവരും ഉണ്ട്.

 

കിട്ടുന്ന സാലറിയിൽ നിന്നു ഭക്ഷണത്തിനും ഹോസ്റ്റലിനു ഉള്ളതും കുറച്ചാൽ പിന്നെ കയ്യിൽ ഒരു പതിനൊന്നായിരം കിട്ടും.

 

മച്ചാനെ അതു പോരെ അളിയാ എന്നു പറയുന്ന ആ ചിലർ ഒന്നു ഗ്യാപ് ഇട്ടു നിക്കണം. പിന്നെ ഉള്ള പതിനൊന്നിൽ നിന്നു വീട്ടു വാടക, വീട്ടു ചിലവ്, കഴിഞ്ഞ മാസം വീട്ടുചിലവിന് മേടിച്ച കടം, അതിനു മുൻപിലുള്ള മാസത്തെ കടം ഇതെല്ലാം കൂടി കൊടുത്തു തീർക്കുമ്പോൾ മിച്ചം ഒരു ആയിരത്തി അഞ്ഞൂറ് കാണും.

 

അതു കയ്യിൽ വച്ചു മാസം ഇൻചാർജ് കനിഞാൽ കിട്ടുന്ന ഓഫ്നു വീട്ടിൽ പോയിവരുമ്പോൾ ‘എന്റെ കയ്യിൽ ഒന്നൂല്യ…’ ഈ പാട്ടും പാടി ആണ് തിരികെ വരാറു.

 

 

അപ്പോഴും തീർന്നില്ല ഇതുവരെ തിരിച്ചടവ് തുടങ്ങാത്ത വിദ്യാഭ്യാസ ലോണ് ഒരു വശത്തിരുന്നു എന്നെ നോക്കി പല്ലിളിക്കും. ആഹാ ന്ത് രസാണ് ല്ലേ.. ഇതൊക്കെ വിട്ടുപിടിച്ചു ഒരു രോഗിവന്നാൽ മുഖത്ത് ആയിരം വാട്ടിന്റെ പുഞ്ചിരി ഫിറ്റ് ചെയ്തു നെഞ്ചും വിരിച്ചു നമ്മൾ നിക്കും, ഇപ്പൊ പിന്നെ ഫുൾ ടൈം മാസ്‌കിന്റെ ആകത്തായോണ്ട് ചിരി കണ്ണിൽ മാത്രം കാണിച്ചാൽ മതി.

 

 

ഡ്യൂട്ടിക്കിടയിലെ ഫുഡ് കഴിക്കൽ ഒക്കെ കോമഡി ആണ് എല്ലാ ദിവസവും കരുതും ഇന്ന് കറക്ട് സമയത്തിനു ഫുഡ് കഴിക്കണം എന്ന്.. എവിടുന്ന് (ബി ജി എം ‘പൊട്ടനായിരുന്നു ഞാൻ..’).

 

മാലാഖ പണി 8 മണിക്കൂർ അല്ലെ എന്നു ചോദിക്കുന്ന ചിലരെ കണ്ടിട്ടുണ്ട് അവരുടെ അറിവിലേക്ക് ആയി ആണ് 8 മണിക്കൂർ ഡ്യൂട്ടി അതു ഹാൻഡോവർ ഒക്കെ കഴിയുമ്പോൾ 10 ആവും, നൈറ്റ് 12 മണിക്കൂർ അതും ഈ പറഞ്ഞപോലെ കഴിഞ്ഞിറങ്ങുമ്പോൾ 14 ആവും. പിന്നെ വയ്പ്പ് ഒരുമാസം 8 നൈറ്റ് ഷിഫ്റ്റ് എന്നൊക്കെ ആണ് പക്ഷെ സ്റ്റാഫ് കുറവ് ഉള്ളതുകൊണ്ട്, ചിലർക്കുണ്ടാവുന്ന അവിചാരിതമായ പ്രശ്നങ്ങൾ കൊണ്ടും ചിലപ്പോഴൊക്കെ അതു 16, 18 ഒക്കെ ആവറുണ്ട്.

 

 

സ്വന്തം അച്ഛന്റെയോ അമ്മയുടേയോ പോലും മലവും,ചലവും, മൂത്രവുമൊക്കെ കണ്ടാൽ അറച്ചു മാറിനിൽക്കുന്ന, ചോരകണ്ടാൽ തല കറങ്ങുന്ന, മഹാമാരിക്ക് മുന്നിൽ മുട്ടിടിക്കുന്ന, സ്വന്തം വീട്ടിൽ സുരക്ഷിതരായിരുന്നു മൊബൈൽ സ്ക്രീനിൽ വിരലുരുട്ടി ഇരിക്കുന്നവർക്കു കുറ്റം പറച്ചിലല്ലാതെ വേറെ പണിയില്ലല്ലോ..

 

#ജീവൻ_തരാം_ജീവിക്കാനുള്ള_വേദനം_തരൂ…

 

എന്ന് മാലാഖ ദിനത്തിൽ ഒരു നഴ്‌സ്(മനുഷ്യൻ).

Tags :