video
play-sharp-fill

കോട്ടയം മണർകാട്ട് ഓക്സിജൻ പാർലർ: കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ: പാർലർ പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യം

കോട്ടയം മണർകാട്ട് ഓക്സിജൻ പാർലർ: കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ: പാർലർ പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയും സന്നിഹിതയായിരുന്നു. കൊവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ കഴിയുന്ന കൊവിഡ് ബാധിതർ പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനും ആവശ്യമെങ്കില്‍ ഓക്ജിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന കോൺസെൻട്രേറ്റർ മെഷീൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു മിനിറ്റിൽ അഞ്ചു ലിറ്റർ ഓക്സിജൻ(93 ശതമാനം) ലഭ്യമാക്കാൻ കഴിയും.

അന്തരീക്ഷത്തിലെ ഓക്സിജൻ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതിന് 50000 രൂപയോളം വരെ ചിലവുവരും

കൊവിഡ് രോഗി പാർലറിൽ എത്തി രണ്ടു മിനിറ്റ് വിശ്രമിച്ച ശേഷം ആദ്യം പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തിൽ കൂടുതലാണെങ്കിൽ ഓക്സിജൻ പാർലർ ഉപയോഗിക്കേണ്ടതില്ല. എന്നാൽ ഓക്സിജന്‍ നില 94 ശതമാനത്തിൽ കുറവാണെങ്കിൽ കിയോസ്കിനുള്ളിലുള്ള ഓക്സിജൻ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയിൽ ധരിച്ച് മെഷീൻ ഓൺ ചെയ്‌താൽ മെഷീനിൽ നിന്ന് ഓക്സിജൻ ലഭിച്ചു തുടങ്ങും.

പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജൻ നില അളക്കുമ്പോള്‍ ഓക്സിജൻ 94 ശതമാനത്തിൽ മുകളിലായാൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കിൽ വീണ്ടും ഒന്നോ രണ്ടോ തവണ കൂടി മെഷീൻ ഉപയോഗിക്കാം. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.

ജില്ലയിലെ എല്ലാ സി.എഫ്.എല്‍.ടി.സികളിലും സൗകര്യപ്രദമായ മറ്റു കേന്ദ്രങ്ങളിലും ഈ സംവിധാനം സജ്ജമാക്കുമെന്നറിയിച്ച ജില്ലാ കളക്ടര്‍ കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും വ്യക്തികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ ഭാഗ്യശ്രീ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.