ആത്മഹത്യാ ചെയ്യാനുറപ്പിച്ച് സ്വന്തം മകളെ പുഴയിലെറിഞ്ഞപ്പോൾ മകളുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ സനുമോഹൻ ഊരിയെടുത്തു ; വൈഗയുടെ മരണത്തെക്കുറിച്ച് മറ്റാർക്കെല്ലാമോ മുൻകൂട്ടി അറിയാമെന്ന് പൊലീസ് : സനുമോഹന്റെ ഭാര്യ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതും പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നു
സ്വന്തം ലേഖകൻ
കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ ദുരൂഹത മാറിയിട്ടില്ല.
മകളെ പുഴയിൽ തള്ളും മുൻപു തന്നെ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. വൈഗയുടെ ശരീരത്തിൽ നിന്നും ഊരിയെടുത്ത മാലയും മോതിരവും വിറ്റുവെന്നും കേരളാ അതിർത്തി വിടും മുൻപ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറിൽ കരുതിയിരുന്നുവെന്നും സനുമോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കുട്ടിയുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സനുമോഹൻ പറയുമ്പോഴും സംഭവത്തിൽ മൂന്നാമതൊരാളുടെ പങ്കുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സനുമോഹന്റെ മൊഴിയിലെ വൈരുധ്യങ്ങൾ മറ്റു ചിലരുടെ ഇടപെടലുകളുടെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
അതേസമയം തൃക്കാക്കര ഇൻസ്‌പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള സംഘം സനുമോഹനെ തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ തെളിവെടുപ്പും തുടരന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും.
അതിനിടെ സനുമോഹന്റെ ഭാര്യ രമ്യ പൊലീസ് ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ ഭാര്യ രമ്യയ്ക്ക് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
രമ്യയിപ്പോൾ ബന്ധുക്കൾക്കൊപ്പം ആലപ്പുഴയിലാണ്. വൈഗയുടെ മരണശേഷവും അന്വേഷണത്തിനിടെയും രണ്ടുതവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനായിരുന്നു ഇതെന്നും ആദ്യം വിളിച്ച സമയത്തു സംസാരിക്കാൻ പോലുമുള്ള സ്ഥിതിയിലായിരുന്നില്ല രമ്യയെന്നും ബന്ധുക്കൾ പറഞ്ഞു.
സനു മോഹനുമായി ഇന്നലെ പൊലീസ് തെളിവെടുപ്പു തുടങ്ങി. സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്‌മെന്റ്‌സിലാണ് ആദ്യമെത്തിച്ചത്. കൂസലും കുറ്റബോധവും തെല്ലും ഇല്ലാതെയാണു സനുമോഹൻ തെളിവെടുപ്പു പൂർത്തിയാക്കിയത്.
തെളിവെടുപ്പിൽ സനു കാർ കൊണ്ടുവന്നു നിർത്തിയ സ്ഥലവും കാറിൽ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയിൽ മരത്തിനോടു ചേർന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു. കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും പൊലീസ് സനു മോഹനെ എത്തിച്ചു തെളിവെടുത്തു.
കൊലപാതകത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം പ്രധാനമായും ഉയരുന്നത് ഫ്‌ളാറ്റിൽനിന്നു കണ്ടെത്തിയ രക്തക്കറയിൽ നിന്നാണ്. രക്തക്കറ സനു മോഹന്റേതോ വൈഗയുടേതോ അല്ലെന്നാണ് പൊലീസ് പറയുന്നത്. സനു പറയുന്ന മൊഴിയിലുള്ളത് ഫ്‌ളാറ്റിൽ വെച്ച് വൈഗയെ ശ്വാസം മുട്ടിച്ചപ്പോൾ മൂക്കിൽനിന്ന് രക്തം വീണെന്നും ഇത് തുടച്ചുകളഞ്ഞു എന്നുമാണ്. എന്നാൽ, ഇതിനുള്ള ഒരു തെളിവും ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.