പരിശോധന കൂടുതല്‍ കര്‍ശനമാക്കി;വീഴ്ച വരുത്തിയാല്‍ നടപടി: ജില്ലയിലെ കോവിഡ് പ്രതിരോധം -നിയന്ത്രണങ്ങൾ കർശനമാക്കി: നിയന്ത്രണം ലംഘിക്കുന്ന സ്ഥാപനങ്ങൾ രണ്ട് ദിവസം പൂട്ടിയിടും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരീക്ഷണവും പരിശോധനയും നടപടികളും കൂടുതല്‍ കര്‍ശനമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ സമയക്രമം, മാസ്കിന്‍റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ പരിശോധിച്ചായിരിക്കും നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇങ്ങനെ അടച്ചിടുന്ന കടകള്‍ ഏറ്റവും കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ തുറക്കാന്‍ അനുവദിക്കൂ. ലംഘനം ഗുരുതരമാണെങ്കില്‍ പ്രവര്‍ത്തനാനുമതി വൈകും.

രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ അതിന് നടപടി സ്വീകരിക്കണം.

വീടുകളില്‍ ഉള്‍പ്പെടെ ട്യൂഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് മാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണം-കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയും നടപടികളും സംബന്ധിച്ച് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, എ.ഡി.എം. അശ സി. ഏബ്രഹാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവരും പങ്കെടുത്തു.

ജില്ലയിലെ കോവിഡ് പ്രതിരോധം -നിയന്ത്രണങ്ങൾ ഇങ്ങനെ

സ്ഥാപനങ്ങള

👉സര്‍ക്കാര്‍ ഉത്തരവില്‍ അനുവദിച്ചിട്ടുള്ളവ ഒഴികെ ഒരു സ്ഥാപനവും രാത്രി ഒന്‍പതിനുശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല.

👉ഹോട്ടലുകള്‍ക്ക് രാത്രി ഒന്‍പതിനുശേഷം പാഴ്സല്‍ വിതരണത്തിനും അനുമതിയില്ല. തട്ടുകടകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

👉രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ അനുവദിക്കുന്നതല്ല.

👉എല്ലാ സ്ഥാപനങ്ങളിലും കൈകള്‍ കഴുന്നതിനുള്ള ക്രമീകരണവും സാനിറ്റൈസറും  തെര്‍മല്‍ സ്കാനറും ഉണ്ടായിരിക്കണം

👉ഒരു സ്ഥാപനങ്ങളിലും ഇടപാടുകാരോ ജീവനക്കാരോ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല

👉ആളുകള്‍ കടകളിലെ കൗണ്ടറുകളില്‍നിന്നും അകലത്തില്‍ നില്‍ക്കത്തക്ക വിധം മാര്‍ക്കിംഗ് നടത്തണം

👉ജിവനക്കാരും ഉപഭോക്താക്കളും ശരിയായ രീതിയില്‍ മാസ്ക് ധരിച്ചിരിക്കുന്നു എന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.

👉കടകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തമ്മിലും അകലം പാലിക്കണം.

👉വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ട്രയല്‍ റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

*ചടങ്ങുകള്‍*

🔹കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരും ഔട്ട് ഡോര്‍ ചടങ്ങുകളില്‍ 150 പേരും മാത്രമേ പങ്കെടുക്കാവൂ. മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

🔹പൊതു പരിപാടികള്‍ നടത്തുന്നതിന് താലൂക്ക് ഓഫീസിലോ അതത് പോലീസ് സ്റ്റേഷനിലോ അപേക്ഷ നല്‍കി അനുമതി വാങ്ങണം. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി നല്‍കുക.

🔹അനുമതിപത്രത്തില്‍ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ മാത്രമേ പരിപാടികള്‍ നടത്താവൂ.

🔹വിവാഹം, ഗൃഹപ്രവേശം, മരണം, ജന്മദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നതിന്  covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

🔹ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരോ 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണം.

🔹എല്ലാ ചടങ്ങുകളിലും അകെ പങ്കെടുക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച എണ്ണം ആളുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണം. പല സമയങ്ങളിലായി കൂടുതല്‍ ആളുകള്‍ വന്നുപോകുന്നത് അനുവദനീയമല്ല.

🔹കുട്ടികളും അറുപതു വയസിനു മുകളിലുള്ളവരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല.

🔹ചടങ്ങുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം.

🔹സ്വകാര്യ വാഹനങ്ങളില്‍ പരമാവധി നാലു പേരില്‍ അധികം യാത്ര ചെയ്യാന്‍ പാടില്ല.

🔹സ്വകാര്യ വാഹനങ്ങളില്‍ ഒന്നിലധികം പേര്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.