അയ്യപ്പന് വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പ്രവർത്തനം ; വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറി ; രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് അന്ത്യന്തം ഗുരുതരം : പി.സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി സീറോ മലബാർ സഭ മുഖപത്രം
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്ന പി.സി ജോർജ്ജിന്റെ പ്രഖ്യാപനത്തിനെതിരെ സീറോ മലബാർ സഭ മുഖപത്രം.
ഏറ്റവും ഒടുവിൽ 2030 ൽ ഇന്ത്യയെ മുസ്ലീം രാഷ്ടമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞുവെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാസ്പുട്ടിൻ ഗാനത്തിന് ചുവടുവച്ച മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖംപ്രസംഗം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ ഡാൻസ് ജിഹാദ് എന്ന പുതിയ സംജ്ഞയുമാണ് ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറിയെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം.
മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.’ കാലാകാലങ്ങളിൽ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമർത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവികാരമാക്കുന്നതും നാം കണ്ടു.
അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിൽ രണ്ട് തട്ടിലായി പാർട്ടികളുടെ പ്രചാരണ പ്രവർത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതിൽ പ്രീണനത്തിന്റെ ഈ പ്രതിനായകർ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.’
മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാർത്ഥ ഐശ്വര്യകേരളമെന്നും അതാകട്ടെ ഭാവി യുവകേരളവുമെന്ന വാചകത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ പ്രസ്താവന അബദ്ധമോ പിഴവോ അല്ലെന്ന് പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. വരാൻ പോകുന്ന വിപത്തിനെ കുറിച്ച് ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.
തന്നെ വിമർശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാൻ എന്ന വാക്കിനർത്ഥം മനസ്സിലാക്കിയാൽ നന്നെന്നും പി സി ജോർജ് വ്യക്തമാക്കി.