ജില്ലയിൽ 17 വരെ ഇടിമിന്നൽ സാധ്യത; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ ചുവടെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ ജാഗ്രത വേണ്ടതുണ്ട്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം പ്രകടമായാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലുകളും വാതിലുകളും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

വീടിൻറെ ഉൾഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ ഇറങ്ങരുത്.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഇരിക്കണം.

ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടറും സ്ഥാപിക്കാം.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.

മിന്നലിൻറെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

മിന്നലേറ്റ ആളിൻറെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ജീവൻ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കൻഡുകൾ നിർണായകമാണ്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴക്കാർ കാണുമ്പോൾ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം.

ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങൾ

കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്കു ചെയ്യുകയോ അരുത്. വീടുകളുടെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കണം.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് ഇവ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ വേണം.
മഴയും കാറ്റുമുള്ളപ്പോൾ പരസ്യ ബോർഡുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും കൊടിമരങ്ങളുടെയും ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.

സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ 1077 എന്ന ഫോൺ നമ്പരിൽ അധികൃതരുമായി മുൻകൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ ഘട്ടത്തിൽ മാറ്റുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.

കാറ്റു തുടങ്ങുമ്പോൾ ത്തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കരുത്.

ചുമരിൽ ചാരി വെച്ചിട്ടുള്ള ഗോവണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയർ ഉപയോഗിച്ച് കെട്ടി വയ്ക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികൾ പൊട്ടി വീഴാനും പോസ്റ്റുകൾ ഒടിയാനും സാധ്യത കൂടുതലാണ്. ഇത്തരം അപകടം ശ്രദ്ധയിൽപ്പെട്ടാലുടൻ 1912 എന്ന കെ.എസ്.ഇ.ബി കൺട്രോൾ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പരിലോ വിവരം അറിയിക്കണം.

തകരാർ പരിഹരിക്കുന്ന ജോലികൾ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രമേ നടത്താവൂ. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക.

പത്രം-പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകട സാധ്യത തോന്നുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ടു പോകുക.

കൃഷിയിടങ്ങളിൽകൂടി കടന്നു പോകുന്ന വൈദ്യുത ലൈനുകൾ സുരക്ഷിതമാണെന്ന് പാടത്തിറങ്ങുന്നതിന് മുൻപ് ഉറപ്പുവരുത്തുക.

നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കണം.

വീട്ടു വളപ്പിലെ മരങ്ങളുടെ അപകടകരമായി നിൽക്കുന്ന ചില്ലകൾ വെട്ടിയൊതുക്കണം. പൊതു സ്ഥലങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണം.