കോഴിക്കോട് സ്വദേശിയെ റബ്ബർ തോട്ടത്തിൽ വെച്ച് ആക്രമിച്ച് 10 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ; പ്രതി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും
സ്വന്തം ലേഖകൻ
നാട്ടുകൽ: പഴയ സ്വർണ്ണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര, ചൂരിക്കോട് എന്ന സ്ഥലത്തുള്ള റബ്ബർ തോട്ടത്തിൽ വിളിച്ചു വരുത്തി ആറംഗ സംഘം ആക്രമിച്ചു പത്ത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതിയെ നാട്ടുകൽ പോലീസ് അറസ്റ്റു ചെയ്തു. കോങ്ങാട്, പൂതംകോട് സ്വദേശി ശ്യാം വയസ്സ്: 28 നെയാണ് ഇന്നലെ രാത്രി പാലക്കാട് പുതുശ്ശേരിക്കടുത്തുള്ള ഒളിസങ്കേതത്തിൽ നിന്നും പാലക്കാട് ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ വർഷം മെയ് 28 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത് . സംഭവത്തിനു ശേഷം നാലു പ്രതികളെ നാട്ടുകൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ പോയ മുഖ്യ പ്രതി ശ്യാം തമിഴ് നാട്ടിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കുറച്ചു ദിവസമായി പാലക്കാട് എത്തിയ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പ്രതി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതി നിലവിൽ നടത്തിവരുന്ന നിർമ്മാണ പദ്ധതി യെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഹൈഡ്രോ വാലി പ്രൊജക്റ്റ് എന്ന പേരിൽ രൂപീകരിച്ച കമ്പനിക്കു പിന്നിൽ കോടികളുടെ ഇടപാടാണ് നടത്തി വരുന്നത്. വില കൂടിയ ആഡംഭര കാറിലാണ് പ്രതി യാത്ര ചെയ്തു വരുന്നത്. വൈദ്യ പരിശോധനക്കു ശേഷം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകൽ ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര, സബ് ഇൻസ്പെക്ടർ ഗ്ലാഡിങ്ങ് , ASI അരവിന്ദാക്ഷൻ, SCPO മാരായ അബ്ദുൾ നവാസ്, ബിനു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ T. R. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, K. അഹമ്മദ് കബീർ, K. ദിലീപ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.