
കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ യോഗ്യനല്ല; ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി; ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ ബന്ധുവിനെ നിയമിച്ചു; നിയമന യോഗ്യത ഉണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി ജലീലിനെതിരെ ഒറ്റയ്ക്ക് പോരാടി; മന്ത്രിയുടെ പകയ്ക്ക് ഇരയായി കടുത്ത പീഡനങ്ങള്‍ നേരിട്ടിട്ടും പിന്മാറാതെ പിടിച്ചുനിന്ന സഹീറിന്റെ വിജയം, ജോലിക്കായി നടുറോഡില്‍ മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമ്പോള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത വിധി. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നാണ് വിധി.
മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഭാവി തുലഞ്ഞത് സഹീര്‍ കാലടി എന്ന യുവാവിനാണ്. നിശ്ചിത യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട വ്യക്തിയായിരുന്നു കുറ്റിപ്പുറം മാല്‍കോ ടെക്‌സ് അക്കൗണ്ട്‌സ് മാനേജര്‍ സഹീര്‍ കാലടി.

ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റ് ലഭിക്കേണ്ടിയിരുന്നത് സഹീറിനായിരുന്നു. എം.ബി.എ, എം.കോം തുടങ്ങിയ യോഗ്യതയും ഉന്നത തസ്തികയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും ഉണ്ടായിരുന്ന സഹീര്‍ കാലടിയെ നിയമനത്തില്‍ നിന്ന് ഒഴിവാക്കി തന്റെ ബന്ധുവിന് ജലീല്‍ ഈ പോസ്റ്റ് ദാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ ഒറ്റയ്ക്ക് പ്രതികരിച്ച സഹീറിന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പരസ്യമായി പ്രതികരിച്ചതോടെ നിലവില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നു. മന്ത്രിതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് എം.ഡി മുന്‍വൈരാഗ്യം തീര്‍ക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഒത്താശയില്‍ പീഡനം തുടര്‍ന്നതോടെ സഹീര്‍ 20 വര്‍ഷം സര്‍വീസ് ശേഷിക്കെ ജോലിയില്‍ നിന്നും രാജിവെച്ചു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ വ്യവസായ മന്ത്രിക്ക് കൈമാറിയതായുള്ള മറുപടി മാത്രമാണ് സഹീറിനു ലഭിച്ചത്. മാധ്യമങ്ങള്‍ സഹീറിന്റെ യോഗ്യത ഉയര്‍ത്തിക്കാട്ടി തുടരേ വാര്‍ത്തകള്‍ നല്‍കി. മന്ത്രി ജലീല്‍ ആര്‍ക്കും പരാതിയില്ലല്ലോ എന്ന പ്രസ്താവന ആവര്‍ത്തിച്ച് കൊണ്ടിരുന്നു.
സംഭവം വിവാദമായപ്പോള്‍ അദീബിനു രാജിവെച്ച് ഒഴിവാകേണ്ടി വന്നു. മന്ത്രി സഹീറിനു പരാതിയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ സമയത്ത് സഹീര്‍ തന്റെ ഫെയ്‌സ് ബുക്കില്‍ ഒരു കുറിപ്പിട്ടു. അര്‍ഹതയുള്ള പോസ്റ്റ് അദീബിലേക്കെത്തിയത് വിശദമാക്കിയായിരുന്നു സഹീറിന്റെ കുറിപ്പ്. മാധ്യമങ്ങള്‍ ഇതും വാര്‍ത്തയാക്കി. ഇതോടെ മന്ത്രി ജലീല്‍ പൂര്‍ണമായും സഹീറിനു എതിരായി.
ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതോടെ ജോലി ചെയ്തിരുന്ന മാല്‍കോ ടെക്‌സിലെ ഫിനാന്‍സ് മാനേജര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന സഹീറിനു പിന്നീട് സര്‍ക്കാരില്‍ നിന്ന് കടുത്ത അവഗണനയായിരുന്നു. രാജി വെച്ച ശേഷം ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങള്‍ സഹീറിനു ലഭിച്ചിട്ടില്ല.
സഹീര്‍ ജോലി ചെയ്തിരുന്ന മാല്‍കോ ടെക്‌സില്‍ എം. ഡി നടത്തിയ അഴിമതികള്‍ തെളിവ് സഹിതം ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രജിസ്ട്രാറായ ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവര്‍ക്കും കൂടാതെ തൊഴില്‍ പീഡനം, ഭീഷണി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഈ വിഷയം സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കി നിയമ പോരാട്ടം തുടരുകയാണ് സഹീര്‍ കാലടി ഇപ്പോഴും. ജോലി രാജിവെച്ചിട്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ പോരാട്ടം തുടരുകയാണ് സഹീര്‍. പ്രതികരിച്ചതിന് വേട്ടയാടപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധി.