പത്തിലെട്ടും ജയിക്കാനുറച്ച് ജോസ്: നിർണ്ണായക ശക്തിയാകാൻ ജോസഫ്: പിളർപ്പിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ അളക്കുന്നത് കേരള കോൺഗ്രസുകളുടെ കരുത്ത്
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്ന് വരെയില്ലാത്ത പ്രതിസന്ധിയെയാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ ഇപ്പോൾ നേരിടുന്നത്. വീണ്ടും പിളര്‍ന്ന കേരളാ കോണ്‍ഗ്രസിലെ കരുത്തന്‍ ജോസാണോ ജോസഫാണോ എന്നറിയാന്‍ 25 ദിവസം കൂടി ബാക്കി നിൽക്കെ ഇത്തവണ പരാജയപ്പെടുന്ന പാർട്ടി ചരിത്രത്തിൻ്റെ ഭാഗമായി മാറും.
ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം 12 സീറ്റുകളിലാണ് മത്സരിച്ചത്. കോടതി വിധിയിലൂടെ പാര്‍ട്ടിയുടെ പേരും ചിഹ്‌നവും സ്വന്തമാക്കി ജോസ് വിഭാഗം മത്സരിച്ച സീറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും വിജയിച്ചാല്‍ കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ജോസ് കെ. മാണി മാറും ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷി എന്ന പദവിയും കേരളാ കോണ്‍ഗ്രസിന് ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരിച്ച സീറ്റുകളിലെല്ലാം വിജയിക്കുമെന്നാണു ജോസ് കെ. മാണിയുടെ അവകാശവാദമെങ്കിലും കുറഞ്ഞത് ആറു സീറ്റങ്കിലും ജയിച്ചാല്‍ മാത്രമേ ഇടതുമുന്നണി ജോസ് വിഭാഗത്തിന് കാര്യമായ പരിഗണന നല്‍കൂ. സീറ്റുകളുടെ എണ്ണം ആറിൽ കുറവാണെങ്കില്‍ അത് ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവിയെ ദുര്‍ബലമാക്കും.
പത്ത് സീറ്റിലാണ് ജോസഫ് വിഭാഗം മത്സരിച്ചത്. അവസാന നിമിഷം പാര്‍ട്ടി നഷ്ടപ്പെട്ടതിനാല്‍ പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ ലയിച്ച് ബ്രായ്ക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസിന്റെ പേരിലാണ് ജോസഫ് വിഭാഗത്തെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഔദ്യോഗിക ചിഹ്‌നം ഇല്ലായിരുന്നിട്ടും എല്ലാവര്‍ക്കും ഒരേ ചിഹ്നഹ്‌നത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം.
ഇനി പാര്‍ട്ടി പുനഃസംഘടന നടത്തി ഔദ്യോഗിക ചിഹ്‌നത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. മത്സരിച്ച 10 സീറ്റുകളിലും വിജയിക്കുമെന്നാണ് പി.ജെ. ജോസഫിന്റെ അവകാശവാദം. യു.ഡി.എഫിന് മേല്‍ക്കൈ ലഭിച്ചാല്‍ സ്വഭാവികമായും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളും വിജയിക്കും.
ഇതോടെ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസുകളില്‍ ഏറ്റവും പ്രബലനാകും. മറിച്ചാണു സംഭവിക്കുന്നതെങ്കില്‍ മുന്നണിയിലും പാര്‍ട്ടിയിലും ജോസഫ് ദുര്‍ബലനാകും. പാര്‍ട്ടിയില്‍നിന്ന് ജോസ് വിഭാഗത്തിലേക്കുളള ഒഴുക്കും ശക്തമാകും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിന്റെ കാരണം ജോസ് വിഭാഗത്തിന്റെ വരവാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഈ കാരണത്താല്‍ സി.പി.ഐയേക്കാള്‍ പ്രാധാന്യമാണു ജോസ് വിഭാഗത്തിന് നല്‍കിയത്. സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പളളി സീറ്റ് അടക്കം ജോസ് വിഭാഗത്തിന് നല്‍കാന്‍ സി.പി.എം. തീരുമാനിച്ചതും ഈ കാരണത്താലാണ്.