വോട്ടെടുപ്പിന് ശേഷവും വർഗീയ പരാമർശവുമായി പി.സി ജോർജ്: ഹിന്ദുവും ക്രിസ്ത്യാനിയും പതിവില്ലാതെ തന്നെ പിൻതുണച്ചു; എസ്.ഡി.പി.ഐക്കാർ വോട്ട് ചെയ്യാൻ എത്തിയവരെ ഭീഷണിപ്പെടുത്തി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

പൂഞ്ഞാർ: വോട്ടെടുപ്പിന് മുൻപ് ആരംഭിച്ച വർഗീയ കാർഡ് വോട്ടെടുപ്പിനു ശേഷവും പുറത്തിറക്കി ജനപക്ഷം സ്ഥാനാർത്ഥി പി.സി ജോർജ്. ഹിന്ദുവോട്ട് ഏകീകരിക്കുന്നതിനു വേണ്ടി ഈരാറ്റുപേട്ടയിലെ പ്രചാരണം പോലും വേണ്ടെന്നു വച്ച് വർഗീയ തുറുപ്പുഗുലാൻ ഇറക്കിയ ജോർജ് ഇക്കുറി വോട്ടെടുപ്പിനു ശേഷം കടുത്ത വർഗീയ നിലപാടുമായാണ് രംഗത്ത് എത്തിയത്.

പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പറഞ്ഞാണ് പി സി ജോർജ് വർഗീയ നിലപാടിലേയ്ക്കു മാറിയത്. ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ് ഡി പി ഐക്കാർ ഭീഷണിപ്പെടുത്തി. ഇതിന് സി പി എം പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് തൂക്ക് സഭ ആയിരിക്കും വരുന്നത്. യു ഡി എഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് സഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോർജ് പറഞ്ഞു.

ശബരിമല വിഷയം കാരണമാണ് ഇടതുമുന്നണിയുടെ തുടർഭരണ സാദ്ധ്യത ഇല്ലാതായത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പി സി ജോർജ് പറഞ്ഞു.

ബി ജെ പി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു. മാന്യന്മാരെ ബി ജെ പി തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും പി സി ജോർജ് ചോദിച്ചു. ഒരു ചായപോലും ഒരു ബി ജെ പിക്കാരനും പൂഞ്ഞാറിൽ വാങ്ങി കൊടുത്തിട്ടില്ല, പിന്തുണയ്ക്കണമെന്ന് മാന്യമായി അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും പി സി ജോർജ് പറഞ്ഞു.