പ്രളയം തന്നത് ഒന്നിനും കൊള്ളാത്ത മണ്ണ്; കൃഷിയും ദുരിതത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കൃഷിയിടങ്ങളിൽ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്. പ്രളയത്തേത്തുടർന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണ് പഠനവിധേയമാക്കിയതിനെ തുടർന്നാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രത്യേകമായ ഒരു ഗുണം ഈ മണ്ണിനില്ലെന്നും കൃഷിക്ക് ഉപയുക്തമല്ലെന്നുമാണ് പഠനറിപ്പോർട്ട്. തരിവലുപ്പം വളരെ കുറവുള്ള ഈ ചെളിമണ്ണ് ഉപരിതലത്തിൽ കട്ടിയുള്ള ഒരുപാളിയായി രൂപാന്തരപ്പെടുകവഴി തഴേക്ക് വായുസഞ്ചരം തടയുന്നതിനും ജലം മണ്ണിലേക്ക് ഊർന്നിറങ്ങാതെ നഷ്ടപ്പെടുന്നതിനും ഇടയാക്കും.
ആറടി ഉയരത്തിൽവരെ പലയിടങ്ങളിലും മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇത് മേൽമണ്ണുമായി കൂട്ടിയോജിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കർഷകർ പറയുന്നു. പ്രളയംമൂലം മണ്ണിന്റെ ഘടന ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടു. സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവർത്തനത്തിലും മാറ്റങ്ങൾ സംഭവിച്ചു. പല പ്രദേശങ്ങളിലും ജൈവാംശമുള്ള മേൽമണ്ണ് ഒലിച്ചു പോകുകയും പകരം പ്രളയജലത്തിൽ ഒലിച്ചുവന്ന ചെളിമണ്ണ് നിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ചപ്പോൾ ഉപരിതലത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണിൽ മൂലകങ്ങളുടെ അളവ് താരതമ്യേന കുറവായാണ് കാണപ്പെട്ടതെന്ന് കൃഷിവിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. സി.പി. റോബർട്ട് പറഞ്ഞു. പ്രളയബാധിതമായ ഓരോ സ്ഥലത്തും മണ്ണിന്റെ ഘടനയെ സംബന്ധിച്ച് പരിശോധനകൾ ആവശ്യമാണെന്നും ഇതിനുശേഷമേ കൃഷിയും വളപ്രയോഗവും നടത്താവൂയെന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group