play-sharp-fill
റബർ വില ഉയർന്നത്‌ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കർഷകർ

റബർ വില ഉയർന്നത്‌ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കർഷകർ

സ്വന്തം ലേഖകൻ

കോട്ടയം :’ റബർ വിപണിവില ഉയർന്നത്‌‌ കർഷകർക്ക്‌ ആശ്വാസമായി. വില സ്ഥിരതാഫണ്ട്‌ തുക കിലോയ്‌ക്ക്‌ 170 രൂപ ആക്കിയ എൽഡിഎഫ്‌ സർക്കാർ നടപടിയാണ്‌ അതിന്റെ ആദ്യപടി. ഇത്‌ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്‌.’ –- കർഷകനും പങ്ങട റബർ പ്രൊഡ്യൂസിങ് സൊസൈറ്റി(ആർപിഎസ്‌) പ്രസിഡന്റും മണിമലയാർ റബേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌ടർ ബോർഡംഗവുമായ സി ടി തോമസ്‌ കമ്പിയിൽ പറഞ്ഞു.

സി ടി തോമസ്

 

രാജ്യാന്തര വിപണിവില 162 വരെ ഉയർന്നു, 160 വരെ ഇടിഞ്ഞതാണ്‌. എന്നാൽ ഇറക്കുമതി റബറിന് ചരക്ക്‌കടത്ത്‌കൂലി ഉൾപ്പെടെ ‌ കിലോയ്‌ക്ക്‌ 250 രൂപ വരെയാകും. ഇപ്പോൾ ഗുണനിലവാരമുള്ള ആർഎസ്‌എസ്‌ 4 ഷീറ്റിന്‌ നമ്മുടെ വിപണിയിൽ 170 രൂപ കിട്ടും‌. സാധാരണ ഷീറ്റിന്‌ 166 വരെ ഓപ്പൺ മാർക്കറ്റിൽ വ്യാപാരിവിലയുണ്ട്‌. എന്നാലും റബർ ബോർഡ്‌ വില (170) സാധാരണ കർഷകന്‌ കിട്ടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഏപ്രിൽ ആദ്യവാരം‌ മുതൽ സബ്‌സിഡി ആനുകൂല്യം കർഷകർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആർപിഎസിൽ (റബർ പൊഡ്യൂസിങ് സൊസൈറ്റി) രജിസ്‌റ്റർ ചെയ്‌ത, രണ്ട്‌ ഹെക്‌ടറിൽ താഴെ റബർ കൃഷിയുള്ള ചെറുകിട –- ഇടത്തരം കർഷകർക്കാണ്‌ ‘ആശ്വാസ വില’ (ഇൻസെന്റീവ്‌ സ്‌കീം) യായി, വിപണിവിലയേക്കാൾ ഉയർന്ന വിലസ്ഥിരതാ ഫണ്ട് ആനുകൂല്യം കിട്ടുക. വിപണിവിലയുമായുള്ള അന്തരം കർഷകർക്ക്‌ അവരുടെ ബാങ്ക്‌ നിക്ഷേപത്തിലേക്ക്‌ കിട്ടുംവിധമാണ്‌ ക്രമീകരണം.

 

കേരളത്തിൽ ആകെയുള്ള 10 ലക്ഷത്തിലേറെ റബർ കർഷകരിൽ എട്ട്‌ ലക്ഷത്തോളം പേരും രണ്ട്‌ ഹെക്‌ടറിൽ താഴെ റബർകൃഷിയുള്ളവരാണ്‌. ‌വിപണിവില ഇനിയും ഉയരുന്ന പക്ഷം സബ്‌സിഡി ഉൾപ്പെടെ വില സ്ഥിരതാ ഫണ്ടും ഉയർത്തേണ്ടിവരും സർക്കാരും ഈ നിലപാടിലാണെന്നത്‌ കർഷരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നു‌.

 

 

ലോക്ക്‌ഡൗണിൽ വ്യാപകമായി വെട്ട്‌ നിർത്തിയതും വില ഇടിഞ്ഞതോടെ കൃഷി തന്നെ ഉപേക്ഷിച്ചതും റബർ ഉൽപ്പാദനം ഗണ്യമായി കുറച്ചു. ഇത്‌ കൊണ്ടാവാം ടയർ കമ്പനികളും മറ്റ്‌ റബറധിഷ്‌ഠിത വ്യവസായികളും ഓപ്പൺ മാർക്കറ്റിൽനിന്ന്‌ ഷീറ്റും പാലും ശേഖരിക്കുന്ന സ്ഥിതി വന്നു. ഇതും വില ഉയരാൻ കാരണമായി. കോവിഡ്‌ കാലത്ത്‌ ഉത്തരേന്ത്യയിലേക്ക്‌ റബർപാൽ (ലാറ്റക്‌സ്)‌ പോകുന്നില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളിൽ കൈയുറയ്‌ക്കും മറ്റും ഡിമാൻഡ്‌ ഉയർന്നത്‌‌ റബർപാലിന്റെയും വില ഉയർത്തി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കമ്പനിയും ഹാരിസൺ മലയാളവും റബ്‌കോയും മറ്റും ഇപ്പോൾ വ്യാപകമായി പാൽ ശേരിക്കുന്നുണ്ട്‌.

 

നേരത്തേ റബർ ബാൻഡ്‌ വ്യവസായികളായിരുന്നു പാൽ വാങ്ങാൻ മുമ്പിൽ‌. റബർപാലിന്‌ ഷീറ്റിനേക്കാൾ വില ഉയരുന്ന അസാധാരണ സാഹചര്യവും അഞ്ച്‌ വർഷമായുണ്ട്‌. 175 ആണ്‌ നിലവിൽ പാൽവില. ഷീറ്റിന്‌ കിലോ 150 വിപണിവില ഉണ്ടായിരുന്നപ്പോഴാണ്‌ വില സ്ഥിരതാഫണ്ട്‌ 170 ആക്കി ഉയർത്തി ബജറ്റ്‌ പ്രഖ്യാപനം വന്നത്‌. അത്‌ കർഷകർക്കും വ്യാപാരികൾക്കും ആത്മവിശ്വാസം പകർന്നു. ഒപ്പം തലയോലപ്പറമ്പിലെ എച്ച്‌എൻഎൽ വളപ്പിൽ സിയാൽ മോഡൽ റബർ പാർക്ക്‌ തുടങ്ങാൻ‌ സഹായകമാം വിധത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ‌ വിഹിതം അനുവദിച്ചതും ഈ മേഖലയ്‌ക്ക്‌ ഉണർവ്വ്‌ പകർന്നതായി സി ടി തോമസ്‌ പറഞ്ഞു.

പയസ് സ്കറിയ

റെയിൽ യാത്രാസൗകര്യമേറെയുള്ള തലയോലപ്പറമ്പിൽ നിർദ്ദിഷ്ട റബർ പാർക്ക്‌ കേരള വികസന രംഗത്ത്‌ കുതിച്ചുചാട്ടമാകുമെന്ന അഭിപ്രായമാണ്‌ റബർ വ്യാപാരിയും കർഷകനുമായ പയസ്‌ സ്‌കറിയ പൊട്ടൻകളത്തിനുള്ളത്‌. ‘എന്നാൽ മികവുറ്റ സാങ്കേതിക പരിജ്ഞാനവും സർക്കാർ മുതൽമുടക്കുമാണ്‌ അത്തരമൊരു പ്രൊജക്ടിന്‌ അത്യന്താപേക്ഷിത’മെന്ന അഭിപ്രായവും അദ്ദേഹം ‌പറഞ്ഞു.

 

Tags :