കടം വാങ്ങിയ പണം തിരിച്ചുനൽകിയില്ല, ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി : കൊലപാതകം പുറംലോകമറിഞ്ഞത് പൊലീസ് നായ മണംപിടിച്ചെത്തിയതോടെ
സ്വന്തം ലേഖകൻ
കൊല്ലം: കടം വാങ്ങിയ പണം നൽകിയില്ലെന്ന് ആരോപിച്ച് ഗൃഹനാഥനെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ബന്ധുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണം പള്ളിവടക്കതിൽ ഹാഷിം(56) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആറ്റൂർകോണം സ്വദേശിയായ ഷറഫുദ്ദീൻ, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.മാർച്ച് 31ന് ഹാഷിമിനെ ഷറഫുദ്ദീൻ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്അന്നുതന്നെ സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തി വീടിന് പിൻഭാഗത്തായി കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാഷിമിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണത്തിലായിരുന്നു. ഏപ്രിൽ രണ്ടിന് ഹാഷിമിന്റെ ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽത്തന്നെ ചില സംശയങ്ങൾ തോന്നിയിരുന്നു. തുടർന്ന് പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് നായ മണംപിടിച്ച് ഷറഫുദ്ദിന്റെ വീട്ടുമുറ്റത്ത് എത്തിയത്. തുടർന്ന് ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ഹാഷിമിനെ വിളിച്ചുവരുത്തിയതും കൊലപ്പെടുത്തിയതുമായ സംഭവങ്ങൾ ഷറഫുദ്ദിൽ വ്യക്തമാക്കുകയായിരുനന്ു. നേരത്തെ ഹാഷിമും ഷറഫുദ്ദീനും വിദേശത്തായിരുന്നു. അവിടെവച്ച് ഹാഷിം 25000 രൂപ ഷറഫുദ്ദീന് കടം നൽകിയിരുന്നു.
എന്നാൽ പിന്നീട് ഈ തുക ഹാഷിം തിരികെ നൽകിയിരുന്നില്ല. രണ്ടപേരും നാട്ടിലെത്തിയതോടെ മിക്കപ്പോഴും തുക തിരികെ ചോദിച്ച് ഹാഷിം വഴക്കിടുമായിരുന്നു. കടം മേടിച്ച തുക നൽകിയില്ലെന്ന് മാത്രമല്ല പലപ്പോഴും അഞ്ഞൂറും ആയിരവും രൂപ വീതം പലപ്പോഴും ഷറഫുദ്ദിന്റെ പോക്കറ്റിൽ നിന്നും എടുത്തുകൊണ്ടപോകാറുമുണ്ട്. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹാഷിം. അതുകൊണ്ടുതന്നെ എതിർത്ത് നിൽക്കാനുള്ള ശേഷി ഷറഫുദ്ദീന് ഉണ്ടായിരുന്നില്ല.
ഷറഫുദ്ദീന്റെ വീട്ടിൽ ചാരായം വാറ്റാറുണ്ടായിരുന്നു. വാറ്റ് ചാരായം കുടിക്കാമെന്ന് പറഞ്ഞ് ഹാഷിമിനെ ഫറഫുദ്ദിൻ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചാരായം കുടിച്ചുതീർന്നപ്പോൾ ഇന്ന് തിരികെ പോകേണ്ടയെന്ന് പറഞ്ഞ് വീട്ടിൽത്തന്നെ കിടത്തിയതിന് ശേഷം കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു.
മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഷറഫുദ്ദിൻ സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തുകയായിരുന്നു. നിസാമിന് ചാരായം നൽകിയ ശേഷം ഇരുവരും ചേർന്ന് വീടിന്റെ പിന്നിലായി വലിയ കുഴിയെടുത്ത് ഹാഷിമിനെ അതിലിട്ട് മൂടുകയും ചെയ്തു.
ഷറഫുദ്ദിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൊട്ടാരക്കര ഡിവൈ.എസ്.പിയും സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക.