പ്രചാരണത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ എ സി റൂമില്‍ സുഖവാസത്തിന് പോകും; അണികളും സാധാരണക്കാരായ ജനങ്ങളും കോവിഡ് ഭീതിയില്‍ നെട്ടോട്ടമോടും; തെരഞ്ഞെടുപ്പിന് ശേഷം കേരളം കോവിഡ് മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍; തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ മറന്ന് രാഷ്ട്രീയ കേരളം
സ്വന്തം ലേഖകന്‍
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടാറുന്നതോടെ കേരളം മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍. കോവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ സാമൂഹിക അകലമെന്ന ഒറ്റമൂലി ജനങ്ങള്‍ ഉള്‍പ്പെടെ മറന്ന സാഹചര്യമാണ് നിലവില്‍. വാക്‌സിനേറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നിരിക്കെയാണ് ഒരു നിയന്ത്രണങ്ങളുമില്ലാതെ തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാവരും പായുന്നത്.
രാജ്യത്താകെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മുന്നേറുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ നിരക്ക് കുത്തനെ ഉയര്‍ന്ന് കഴിഞ്ഞു. ഈ സംസ്ഥാനങ്ങളെല്ലാം ലോക് ഡൗണിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണാഘോഷ വേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗത്തിന്റെ ഗ്രാഫ് ഉയര്‍ന്നതായി കണ്ടിരുന്നു. ഇത്തരമൊരു സ്ഥിതി വിശേഷമാണ് തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉണ്ടാകാനിരിക്കുന്നത്. രോഗബാധയുള്ളവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും എണ്ണം വര്‍ധിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും കോവിഡ് വൈറസ് എത്തില്ല എന്ന തരത്തിലാണ് ഒത്തുകൂടുന്നവരുടെ പെരുമാറ്റം. സാമൂഹിക അകലവും മാസ്‌കും ഉള്‍പ്പെടെ ഇവര്‍ക്ക് ബാധകമല്ല.
പ്രചാരണം കഴിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളും നേതാക്കന്മാരും സുരക്ഷിത താവളങ്ങളില്‍ സുഖവാസത്തിലായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാധാരണക്കാരായ അണികളും വോട്ടര്‍മാരും കോവിഡ് ഭീതിയില്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇനി കേരളം കാണാന്‍ പോകുന്നത്. ആരോഗ്യ വകുപ്പിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ കോവിഡ് സാധ്യത സംശയിക്കുന്നവര്‍ പോലും ശ്രമിക്കുന്നുണ്ട്. ഇതിലേറെയും തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. രോഗലക്ഷങ്ങള്‍ ഉണ്ടായാലും പരിശോധനക്ക് വിധേയരാകാന്‍ തയാറാകാത്തവരുടെ എണ്ണം നിരവധിയാണ്. രണ്ടാഴ്ച നീളുന്ന ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അത്തരക്കാര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്.
പോളിംഗ് ബൂത്തുകളിലും വൈറസ് ബാധ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല.തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ കുറിച്ചുള്ള ചിന്തകള്‍ തന്നെ രാഷ്ട്രീയ കേരളം മറന്ന അവസ്ഥയാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള നാളുകള്‍ രോഗവ്യാപനത്തിന്റെ തീവ്രതയിലേക്ക് വളരുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടതല്‍ പേര്‍ രോഗബാധിതരായി ക്വാറന്റൈനിലേക്ക് മാറുന്നത് കുടുംബങ്ങളുടെ വരുമാനത്തെയും ആരോഗ്യ സംവിധാനങ്ങളെയും ബാധിക്കും.
പോളിംഗ് ബൂത്തുകള്‍ വഴി സാമൂഹ്യ വ്യാപനമുണ്ടായാല്‍ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞെന്നും വരില്ല. ലഭ്യമായ സൗകര്യങ്ങള്‍ കൊണ്ട് നാളിതുവരെ പാലിച്ചുപോന്ന രോഗ നിയന്ത്രണം അട്ടിമറിയാന്‍ തെരഞ്ഞെടുപ്പു നാളുകള്‍ കാരണമാകരുത്. മുന്നറിയിപ്പുകളെയും ജാഗ്രതാ നിര്‍ദേശങ്ങളെയും ഓരോ വോട്ടര്‍മാരും മുറുകെ പിടിക്കേണ്ടതുണ്ട്. കാരണം, ഏത് പ്രതികൂല സാഹചര്യവും ആദ്യം തച്ചുടക്കുന്നത് സാധാരണക്കാരെയാവും.