മാണിക്കെതിരായ വിജിലൻസ് കോടതി വിധി വഴി തുറക്കുന്നത് പുതിയൊരു നിയമ യുദ്ധത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാണിക്കെതിരായ വിജിലൻസ് കോടതി വിധി വഴി തുറക്കുന്നത് പുതിയൊരു നിയമ യുദ്ധത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. തുടരന്വേഷണത്തിനുള്ള അനുമതിയിൽ ഡിസംബർ 10നുള്ളിൽ സർക്കാർ തീരുമാനം എടുക്കണം. മാണി യുഡിഎഫിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകാനാണ് സാധ്യത. വിഎസ് അച്യുതാനന്ദനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും അടക്കം കേസിൽ കക്ഷി ചേർന്നവരാണ് സർക്കാരിനോട് അനുമതി തേടുന്നത്. പക്ഷെ നിയമോപദേശം ലഭിച്ച ശേഷമാകും തീരുമാനം. അഴിമതി കേസിൽ അന്വേഷണത്തിന് സർക്കാറിന്റെ മുൻ കൂർ അനുമതി വേണമെന്ന കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതി പഴയ കേസുകൾക്ക് ബാധകമാണോ എന്നതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അനുമതി നൽകിയാൽ മാണിയും നിയമനടപടിക്ക് നീങ്ങും. മൂന്ന് തവണ അന്വേഷിച്ച് ക്ലീൻ് ചിറ്റ് കിട്ടിയ സാഹചര്യത്തിൽ പുതിയ അന്വേഷണത്തിന് പ്രസക്തിയാകും മാണി ചോദ്യം ചെയ്യുക. സാങ്കേതികത്വം പറഞ്ഞ് സർക്കാർ അനുമതി നീട്ടിയാൽ ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കും. അതിനിടെ മൂന്ന് തവണയും വിജിലൻസിന്റെ അന്വേഷണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനാൽ സിബിഐ വേണമെന്ന ആവശ്യം കേസിലെ മറ്റൊരു ഹർജിക്കാരൻ അഡ്വക്കറ്റ് നോബിൾ മാത്യു ഹൈക്കോടതിയിൽ ഉന്നയിക്കാനും നീക്കമുണ്ട്.