7മണിക്ക് സൈന്യത്തിന്റെ വാഹനവ്യൂഹം പുറപ്പെടും മുന്‍പ് ഭാര്യയെ വീഡിയോ കോള്‍ വിളിച്ചു; ഇവിടെ കൊടും തണുപ്പാണ്, റേഞ്ച് കിട്ടില്ല, തിരികെ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു; 11 മണിക്ക് അഭിലാഷിന്റെ വിളി കാത്തിരുന്ന രഞ്ജിനി കേട്ടത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത; ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഭിലാഷിന്റെ വിയോഗത്തില്‍ നടുങ്ങി നാട്
സ്വന്തം ലേഖകന്‍
പുത്തൂര്‍: ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാവടി അഭിലാഷ് ഭവനില്‍ എസ്.അഭിലാഷ്‌കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന് ആദരാഞ്ജലികള്‍. ‘ഇവിടെ കൊടും തണുപ്പാണ്..ഇനിയങ്ങോട്ടു പോയാല്‍ റേഞ്ച് കിട്ടില്ല..തിരികെ വന്നിട്ടു വീണ്ടും വിളിക്കാം…’ രാവിലെ 7മണിക്ക് വീഡിയോ കോളിലൂടെ ഭാര്യ രഞ്ജിനിയെ വിളിച്ചു യാത്ര പറഞ്ഞശേഷമാണ് അഭിലാഷ് സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ടത്.
ഇടവേളകളില്‍ ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അഭിലാഷ് മരിച്ച ദിവസവും ഇതാവര്‍ത്തിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി പതിനൊന്നു മണിയോടെ രഞ്ജിനിയുടെ ഫോണിലേക്ക് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്റെ വിളി എത്തി. അഭിലാഷിന്റെ വാഹനം അപകടത്തില്‍ പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമായിരുന്നു ആദ്യവിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മരണം സ്ഥിരീകരിച്ച സന്ദേശം പിന്നാലെയെത്തി. ഇതിന്റെ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല കുടുംബാംഗങ്ങള്‍. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും മറ്റു ബന്ധുക്കളും ഇവരെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്ന ധര്‍മസങ്കടത്തിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് അഭിലാഷ് നാട്ടിലുണ്ടായിരുന്നു. ഡെറാഡൂണില്‍ നിന്നു ലഡാക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഭാര്യയെയും മകനെയും നാട്ടിലാക്കാനുള്ള വരവായിരുന്നു അത്. കുടുംബവീടിനോട് ചേര്‍ന്ന് അഭിലാഷിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്.
മേയ് 5ന് ആണ് ഇവരുടെ വിവാഹ വാര്‍ഷികം. അതിനു മുന്‍പ് എന്തായാലും നാട്ടിലെത്തും എന്ന് ഇന്നലെയും ഫോണ്‍ വിളിച്ചപ്പോള്‍ രഞ്ജിനിക്ക് ഉറപ്പു നല്‍കിയിരുന്നു. വീടിന്റെ പണി പൂര്‍ത്തിയാക്കി പാലുകാച്ചല്‍ നടത്തണം എന്ന കാര്യവും സൂചിപ്പിച്ചു. പക്ഷേ, അപകടരൂപത്തില്‍ വിധി കവര്‍ന്നത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും സന്തോഷവുമായിരുന്നു.