കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധം: കൊന്നപ്പാറയില്‍ ഐഎന്‍ടിയുസി പത്തനംതിട്ടാ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 70ലധികം പേര്‍ കോണ്‍ഗ്രസ് വിട്ടു,പാര്‍ട്ടി വിട്ടവര്‍ സിപിഐഎമ്മിനൊപ്പം
സ്വന്തം ലേഖകൻ
കോന്നി: പോളിങ് ബൂത്തിലേക്ക് പോകുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോന്നിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഐന്‍എന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു പങ്ങാട്ടിന്റെ നേതൃത്വത്തില്‍ 70 ലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു.
കോന്നി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കൊന്നപ്പാറയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സ്വീകരിച്ചു. നേതാക്കളായ എംസ് ഗോപിനാഥന്‍,കെകെ വിജയന്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടരാജി.കോന്നിഗ്രാമപഞ്ചായത്ത് മുന്‍ വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. പി മോഹന്‍രാജ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തുടരുകയാണ്.
ബിനാമി സ്ഥാനാര്‍ത്ഥിയെ വേണ്ടായെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ശക്തികേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപൊക്ക് നേതൃത്വത്തെ അങ്കലാപ്പിലാക്കി.
കോന്നിയിലെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ബാബു പങ്ങാട്ട്. ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് ബാബു പങ്ങാട്ട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൂടുതല്‍ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ചിന്താഗതിയുള്ള പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നേരത്തെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, അരുവാപ്പുലം മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്ആന്റണി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പികെ പീതാംബരന്‍ തുടങ്ങിയവരും പാര്‍ട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു.
മൈലപ്ര മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോണ്‍ റ്റി സാമുവല്‍,ഏനാദിമംഗലം പുതുവലിലെ യൂത്ത്‌കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ ആശിഷ് ഡാനിയേല്‍ തുടങ്ങി നിരവധിപ്പേര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് പിന്തുണയുമായി സ്വീകരണയോഗങ്ങില്‍ എത്തിയിരുന്നു.
ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ അടിയൊഴുക്ക് രൂക്ഷമാകുമ്പോള്‍ പരാജയഭീതി മനസിലാക്കിയ അടൂര്‍ പ്രകാശ് ഒത്തുകളി സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം അടൂര്‍പ്രകാശിന്റെ മേല്‍ വീഴുന്നത് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യമെന്ന നിലയിലാണ് ഒത്തുകളി സിദ്ധാന്തവുമായി അടൂര്‍ പ്രകാശ് പത്രസമ്മേളനം നടത്തുന്നത്. കോന്നിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത ആറ്റിങ്ങല്‍ എംപി കൂടിയായ അടൂര്‍ പ്രകാശിനുള്ള കനത്ത തിരിച്ചടിയാകും തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ സംസാരം.