ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ
സ്വന്തം ലേഖകൻ
കൊച്ചി: ഒരു ലംബോർഗിനി കാറിന്റെ പേരിൽ തന്നെ ട്രോളിയ ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ. കേരളത്തിൽ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നറിഞ്ഞത് ട്രോളുകൾ കണ്ട ശേഷമാണെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഞാൻ കഴിവതും ഇതിനൊന്നും പ്രതികരിക്കാൻ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകൾ കണ്ട ശേഷമാണ്.
ഇനി അതിലൂടെ കുറച്ചു പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അവരുടെ നിലപാടിൽ സത്യസന്ധത വേണമെന്നാണ്. ഒന്നുകിൽ ശുദ്ധമായ നർമമായിരിക്കണം. അല്ലെങ്കിൽ കാമ്പുള്ള വിമർശനങ്ങളായിരിക്കണം.സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്. അമ്മയെ തല്ലിയാലും മലയാളികൾക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നേരത്തെ രാജുവിന്റെ നേർക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവർ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണമെന്നും മല്ലിക കൂട്ടിച്ചേർത്തു.