സൺഡേ സ്‌കൂൾ അധ്യാപികയായ യുവതിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചു: പരാതി നൽകിയപ്പോൾ വികാരിയെ സംരക്ഷിക്കാൻ ബിഷപ്പ് രംഗത്ത്; ഫ്രാങ്കോയ്ക്ക് പിന്നാലെ മധ്യകേരളത്തിലെ ബിഷപ്പും വിവാദക്കുരുക്കിൽ
സ്വന്തം ലേഖകൻ
കൊച്ചി: ലത്തീൻ സഭയിൽ ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ പീഢിപ്പിച്ച വിവാദം കത്തിനിൽക്കെ സീറോമലബാർ സഭയിലെ യുവ വൈദികനെയും സഹായമെത്രാനെയും ആരോപണ വിധേയരാക്കി സൺഡേ സ്‌കൂൾ അധ്യാപികയുടെ ഭർത്താവ് രംഗത്ത്. എറണാകുളം ജില്ലയിലെ പ്രമുഖ പള്ളിയിലെ സൺഡേ സ്‌കൂൾ അധ്യാപികയായിരുന്ന തന്റെ ഭാര്യയെ വികാരിയച്ചൻ പള്ളിമേടയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഭർത്താവിന്റെ പരാതി. ഇത് സംബന്ധിച്ച് രൂപതാ കേന്ദ്രത്തിന് പരാതി നൽകിയപ്പോൾ പ്രശ്‌നം ഒതുക്കി തീർക്കണമെന്ന ആവശ്യവുമായി സഹായ മെത്രാൻ തന്നെ രംഗത്തെത്തി.
യുവാവിൻറെ ആരോപണം ശരിവച്ച് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സഹായ മെത്രാനും വൈദികർക്കുമെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സൺഡേ സ്‌കൂൾ അധ്യാപികയായിരിക്കെയാണ് യുവതിയെ വികാരിയച്ചൻ പീഡനത്തിന് വിധേയയാക്കുന്നത്. ഇതേ തുടർന്ന് യുവതി മതാധ്യാപനത്തിൽ നിന്നും വിട്ട് നിന്ന് പള്ളിയിൽ പോകാതായി. പിന്നീട് വീണ്ടും പള്ളി രജിസ്റ്ററിൽ പേര് ചേർക്കാനെന്നു പറഞ്ഞു വീണ്ടും വികാരിയച്ചൻ യുവതിയെ പള്ളിമേടയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെ വച്ച് വീണ്ടും പീഡനത്തിന് വിധേയയാക്കി. ഇതേ തുടർന്ന് യുവതി മാനസികമായി തകർന്നു. ഇതോടെയാണ് മക്കളെയും കൂട്ടി യുവാവ് ബിഷപ്പിനും വികാരിക്കുമെതിരായ ആരോപണം പുറത്ത് വിട്ടിരിക്കുന്നത്. സഹായ മെത്രാന്റെ അറിവോടെയാണ് വികാരിയുടെ നടപടിയെന്ന ആരോപണമാണ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉന്നയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് ഇതേ വൈദികൻ മേരിഗിരി പള്ളിയിൽ വികാരിയായിരിക്കെ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയതായും ഇതേ തുടർന്ന് യുവതിയും ഭർത്താവും പരാതിയുമായി ബിഷപ്പിനെ സമീപിച്ചതായും എന്നാൽ ബിഷപ്പ് പരാതി മുക്കി വൈദികനെ സംരക്ഷിക്കുകയായിരുന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പരാതിക്കാർക്കെതിരെ ഭീഷണി ഉയരുന്നതും അതിരൂപതയിൽ പതിവാണെന്ന് ഇവർക്ക് ആരോപണമുണ്ട്. പ്രതികളെ സംരക്ഷിക്കുന്നത് ബിഷപ്പാണെന്നും പതിവായി ആരോപണ വിധേയനായ വൈദികനെതിരെ നടപടി ഉണ്ടാകാത്തത് ബിഷപ്പിന്റെ സഹായം കൊണ്ടാണെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ഇതോടെ ജലന്ധർ ബിഷപ്പിന് പിന്നാലെ സീറോമലബാർ ബിഷപ്പ് കൂടി ലൈംഗിക ആരോപണത്തിൽ ആരോപണ വിധേയനായി മാറിയിരിക്കുന്നത് വരും ദിവസങ്ങളിൽ വൈദികനെ സംരക്ഷിച്ച പരാതി മുക്കിയ ബിഷപ്പിനെ വെട്ടിലാക്കും.