ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഇതിനാവശ്യമായി മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. വാഹനം വിറ്റു കിട്ടുന്ന പണം വാഹനാപകട നഷ്ടപരിഹാര ഫോറത്തിൽ നിക്ഷേപിക്കണം. ഉത്തരവ് നടപ്പാക്കാൻ 12 ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ചു മരിച്ച ഭർത്താവിനും പരിക്കേറ്റ മകനും നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഉഷാദേവി നൽകിയ പരാതി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. അപകടത്തിൽപ്പെടുന്ന തേർഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹനം ഉടമയ്ക്കു വിട്ടുകൊടുക്കുന്നത് നിരോധിച്ചുകൊണ്ട് 2008-ൽ ഡൽഹി സർക്കാർ ചട്ടം ഭേദഗതി ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മറ്റു സംസ്ഥാനങ്ങളും ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ സുപ്രീംകോടതി നിർദേശിച്ചത്. മോട്ടോർ വാഹന നിയമമനുസരിച്ച് എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് വേണം. എന്നാൽ, പലപ്പോഴും അപകടത്തിനു കാരണമാകുന്ന വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടാകാറില്ല. ഇത് അപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം.