ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പിൽ ബിജെപി നിർണ്ണായക ശക്തിയാകുമെന്നാണ് പിസി ജോർജ് പറയുന്നത്.അഞ്ച് സീറ്റ് വരെ ബി.ജെ.പി നേടിയേക്കാമെന്നാണ് ജോർജിന്റെ പ്രവചനം. ട്വന്റി ട്വന്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ ട്വന്റി ട്വന്റിയുടെയും പിന്തുണ വേണ്ടി വരും. പൂഞ്ഞാറിൽ നിന്ന് ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം പി ജെ ജോസഫിന്റെയും പി സി തോമസിന്റെയും ലയനത്തെ ജോസഫിന്റെ ഗതികേടായാണ് പി സി ജോർജ്ജ് വിലയിരുത്തുന്നത്. പി ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമാണ് ഇതിന് കാരണമെന്നും പിസി പറയുന്നു. നേരത്തെ, യു.ഡി.എഫിലേക്ക് പോകാൻ പി.സി.ജോർജ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് വിജയിച്ചിരുന്നില്ല. യു.ഡി.എഫിന് പുറമെ എൽ.ഡി.എഫും ജോർജിനെ തഴഞ്ഞിരുന്നു.