play-sharp-fill
ഇന്ധനവുമായി പോയ ഗുഡസ് ട്രെയിനിൽ നിന്നും തീ പടർന്നു; ഒഴിവായത് വൻ ദുരന്തം; കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഇന്ധനവുമായി പോയ ഗുഡസ് ട്രെയിനിൽ നിന്നും തീ പടർന്നു; ഒഴിവായത് വൻ ദുരന്തം; കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

 

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിൽ നിന്നും വാതക ചോർച്ച. ടാങ്കറിൽ നിന്നും ഇന്ധനം ചോർന്ന് തീ പടർന്നതാണ് അപകടത്തിന് കാരണം. ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയിൽവെ സ്‌റ്റേഷന് സമീപ മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപമായിരുന്നു അപകടം.


ഉച്ചക്ക് 1 മണിയോടെ സ്‌റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിൻ ഇവിടെ നിന്നും പുറപ്പെട്ട് രണ്ടാം നമ്പർ തുരങ്കം കടന്നപ്പോഴാണ് പിന്നിലെ ബോഗിയിൽ നിന്നും തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് എഞ്ചിൻ നിർത്തി ഡ്രൈവർ പുറത്തിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അഗ്നി രക്ഷാസേനയെ നാട്ടുകാർ വിവരം അറിയിച്ചിരുന്നു. ഇവരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗുഡ്‌സ് ട്രെയിനിലെ ആറ് ടാങ്കറിൽനിന്നും ഇന്ധനം പുറത്തേക്ക് ചോർന്ന് ഒഴുകുന്നുണ്ടായിരുന്നു.

ടാങ്കറിൽ നിന്നും ഓവർഫ്‌ലോ ആയ ഇന്ധനം വൈദ്യുതി ലൈനിൽനിന്നും പടർന്ന തീയടക്കം കത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീ ആളി പടരാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. മുട്ടമ്പലം റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ പിടിച്ചിട്ടതോടെ ഒരു മണിക്കൂറോളം കോട്ടയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. തകരാറില്ലെന്ന് കണ്ടെത്തിയതോടെ 2 മണിയോടെ ട്രെയിൻ കോട്ടയത്ത് നിന്ന് പുറപ്പെട്ടു.

തീപിടത്തമുണ്ടായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ സ്‌റ്റേഷൻ മാനേജരുടെയോ മറ്റ് അധികൃതരുടെയോ അനുവാദമില്ലാതെ പരിശോധനാ സംഘത്തിന് മുന്നറിയിപ്പുപോലും നൽകാതെയാണ് ട്രെയിൻ സംഭവ സ്ഥലത്തുനിന്നും എടുത്തത്. ട്രെയിനെടുക്കുമ്പോൾ അഗ്നി സുരക്ഷാ സേനയും പോലീസും മൂന്നോളം മാധ്യമപ്രവർത്തകരും ട്രെയിനിന്റെ അരികിലുണ്ടായിരുന്നു. ട്രെയിൻ നീങ്ങുന്ന ശബ്ദം കേട്ട് ഇവർ ചാടി ഇറങ്ങിയതോടെയാണ് അപകടം ഒഴിവായത്. ഇന്ധനം ചോരുന്നത് സംബന്ധിച്ച് പരിശോധന പൂർത്തിയാകും മുമ്പ് ട്രെയിനെടുത്തതും ചോരുന്ന ഇന്ധനവുമായി ചങ്ങനാശ്ശേരി വരെ ഓടിയതും അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന്് അഗ്നിരക്ഷാ സേന അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എഞ്ചിൻ ഡ്രൈവറും ഗാർഡും ഇത് പരിഗണിക്കുകപോലും ചെയ്യാതെ ട്രെയിനെടുത്ത് മുന്നോട്ട് പോകുകയായിരുന്നു. ഇത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. തന്റെ അനുവാദമില്ലാതെയാണ് ട്രെയിൻ പോയതെന്നും ട്രെയിൻ യാത്ര തുടർന്ന വിവരം അറിഞ്ഞില്ലെന്നും സ്‌റ്റേഷൻ മാനേജർ രാജൻ നൈനാൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇരുമ്പനത്ത് നിന്നും തിരുനൽവേലിയിലേയ്ക്ക് പെട്രോളും ഡീസലും നാഫ്തയും മണ്ണെണ്ണയുമായി പോയ ഗുഡ്‌സ് ട്രെയിനിലാണ് ചോർച്ചയുണ്ടായത്. തൊണ്ണൂറ് ബോഗികളുള്ള ട്രെയിനിൽ ആറ് വാഗണാണ് ചോർന്നൊലിച്ചത്. ഇതിൽ പിൻ നിരയിൽ നിന്നുള്ള മൂന്നാമത്തെ വാഗണിലാണ് തീയും പുകയും കണ്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.