play-sharp-fill
ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് മറ്റൊരാളുടെ ഭാര്യയെയെന്ന് പരാതി; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് മറ്റൊരാളുടെ ഭാര്യയെയെന്ന് പരാതി; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

സ്വന്തം ലേഖകൻ

വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്നും നിയമപരാമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പരാതിയുമായി യുവാവ് രംഗത്ത്. വടകര നാരായണ നഗർ സ്വദേശിയാണ് വടകര പോലീസിൽ പരാതി നൽകിയത്. രണ്ട് മക്കളെയും കൂട്ടിയാണ് യുവതി പോയതെന്നും മക്കളെ വിട്ടുകിട്ടണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയെത്തുടർന്ന് പോലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനിൽ വിളിച്ചുവരുത്തി. അൽപ്പനേരം പരാതിക്കാരൻ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി. തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുൻപെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാർത്ത കണ്ടാണ് അറിഞ്ഞതെന്നും പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. നിലവിൽ തന്റെ ഭാര്യയായതിനാൽ ഇക്കാര്യത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.


ടി.പി. വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ് മൂന്നു ദിവസം മുമ്പാണ് പരോളിനിറങ്ങിയശേഷം  വിവാഹിതനായത്. മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇതിനിടെ കിർമാണി മനോജും നവവധുവും പള്ളൂർ പന്തക്കലിൽനിന്നും മുങ്ങി. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നും തങ്ങൾക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ടെന്നും കാണിച്ച് യുവാവ് പരാതി നൽകിയതിനെ തുടർന്നുണ്ടായ നാണക്കേടാണ് നവവധുവും വരനും മുങ്ങാൻ കാരണമെന്ന് കരുതുന്നു. മനോജിന് പതിനൊന്ന് ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്. ഞായറാഴ്ചയോടുകൂടി തിരിച്ചു ജയിലിലേയ്ക്ക് പോകണം. ഇതോടെ പരോളിനിറങ്ങി നടത്തിയ കല്യാണം പുലിവാൽ കല്യാണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group