play-sharp-fill
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാപ്‌സൂൾ കഞ്ചാവ് ; പതിനേഴുകാരൻ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാപ്‌സൂൾ കഞ്ചാവ് ; പതിനേഴുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്യാപ്സൂൾ രൂപത്തിൽ കഞ്ചാവ് വിറ്റിരുന്ന തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരനെ ഒരു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ ഇയാൾ, ഇവരിൽ നിന്നാണ് കഞ്ചാവ് വാങ്ങാനുള്ള വഴി കണ്ടെത്തിയതെന്നും എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്യാപ്സൂൾ എത്തിച്ചു നൽകുന്ന യുവാവിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളോളമായി ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് പതിനേഴുകാരൻ കഞ്ചാവുമായി എത്തുമെന്ന വിവരം എക്സൈസ് സംഘത്തിനു ലഭിച്ചത്. തുടർന്നു ഇന്നലെ എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുകയായിരുന്നു.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എച്ച്.നൂറുദീൻ, എക്സൈസ് ഇൻസ്പെക്ടർ വി.ആർ സജികുമാർ, പ്രിവന്റീവ് ഓഫിസർമാരായ പി.ജി രാജേഷ്, ടി.എസ് സുരേഷ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ കെ.എൻ സുരേഷ്‌കുമാർ, സി.ഇ.ഒമാരായ പി.പി പ്രസീത്, വി.എസ് സുജിത്, ശ്യാംകുമാർ, കെ.സി ദിബീഷ്, ഇ.വി ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റാൻഡിന്റെ പരിസരത്ത് എത്തി. ഈ സമയം പ്രദേശത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ സംശയം തോന്നി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ കയ്യിലെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
അലോട്ടി അടക്കമുള്ള ഗുണ്ടാ സംഘം കഞ്ചാവ് വാങ്ങുന്നതിനു കാരിയറായി ഉപയോഗിച്ചിരുന്നത് ഈ പതിനേഴുകാരനെ ആയിരുന്നു. ഇടുക്കിയിൽ എക്സൈസിന്റെയും, പൊലീസിന്റെയും പരിശോധന ശക്തമായതോടെ മധുരയിൽ നിന്നും തിരുവനന്തപുരം വഴി ട്രെയിൻ മാർഗമാണ് പതിനേഴുകാരൻ കഞ്ചാവ് എത്തിച്ചിരുന്നത്. കോട്ടയത്തെ സ്‌കൂളിൽ വിദ്യാർത്ഥിയായി എത്തിയതോടെയാണ് ഇയാൾക്ക് കോട്ടയം ബന്ധം തുടങ്ങുന്നതും. തുടർന്നാണ് ഇയാൾ ഗുണ്ടാ സംഘങ്ങളുമായി അടുത്തതും, കഞ്ചാവ് വിതരണം അടക്കം ഏറ്റെടുത്തതും.