ബ്രേക്ക് നഷ്ടമായി പാഞ്ഞ കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു ബസിന്റെ പിന്നിൽ ഇടിച്ചു; യാത്രക്കാർക്ക് നിസ്സാര പരിക്ക്; ബസ്സുകൾ സഞ്ചരിച്ചത് ഗതാഗത നിയന്ത്രണമുള്ള റോഡിലൂടെ
സ്വന്തം ലേഖകൻ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിരോധനമുള്ള റോഡിലൂടെ നിയമം ലംഘിച്ച് പോയ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ്സ് മറ്റൊരു ബസ്സിന്റെ പിന്നിലിടിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.00 മണിയോടെ സ്റ്റാർ ജംഗ്ഷനിൽ ആയിരുന്നു അപകടം. തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ബസ്സിന്റെ പിന്നിലിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ബസുകളും പുറപ്പെട്ടത്. ഈ ബസുകൾ കെ.എസ്.ആർ.ടി.സി കടന്നു പോകുന്നതിന് നിയന്ത്രണമുള്ള കല്യാൺ സിൽക്ക്‌സിന്റെ എതിർ വശത്തെ ഇടവഴിയിലൂടെ സ്റ്റാർ ജംഗ്ഷനിലേക്ക് പ്രവേശിക്കുകയായിരുന്നു.
പിന്നിൽ പോയ ബസ്സ് സ്റ്റാർ ജംഗ്ഷനിൽ വേഗം കുറച്ചപ്പോൾ പിന്നാലെ എത്തിയ തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിന്റെ ബ്രേക്ക് നഷ്ടമായി.
ഇറക്കത്തിൽ അതിവേഗം പാഞ്ഞെത്തിയ ബസ്സ് മുന്നിൽ പോയ ബസ്സിലും സമീപത്തെ മതിലിലും ഇടിച്ചാണ് നിന്നത്.
മുന്നിലെ ബസ്സിൽ യാത്രക്കാർ കുറവായിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തെ തുടർന്ന് കെ.കെ. റോഡിലും എം.സി റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.