ബിഷപ്പിന്റെ അറസ്റ്റ്: കന്യാസ്ത്രീയുടെ ഹാർഡ് ഡിസ്‌കിൽ നിർണ്ണായക തെളിവ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടൻ; രക്ഷിക്കാനെത്തിയ ഐജിയും വെട്ടിലായി
സ്വന്തം ലേഖകൻ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉറപ്പായി. ബിഷപ്പിനെതിരെ രണ്ട് നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ബിഷപ്പിന്റെ സംഭാഷണങ്ങളും, ചില ദൃശ്യ തെളിവുകളും അടങ്ങിയ ഹാർഡ് ഡിസ്‌ക് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ ഏറെ നിർണ്ണായകമാകുമെന്നാണ് സൂചന. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കമ്പ്യൂട്ടറിൽ നിന്നാണ് അന്വേഷണ സംഘത്തിനു നിർണ്ണായകമായ തെളിവ് ലഭിച്ചത്. ഇതോടെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ 80 ദിവസം നീണ്ട നാടകത്തിന് അവസനാമാകുമെന്നാണ് സൂചന.
കന്യാസ്ത്രീയുടെ ഹാർഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം അന്വേഷണം സംഘം പിടിച്ചെടുത്തിരുന്നു. ഈ ഹാർഡ് ഡിസ്‌കിൽ ഓഡിയോ റിക്കോർഡുകളും, ചില വീഡിയോ ദൃശ്യങ്ങളും ഉണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഇത് ഏറെ നിർണ്ണായകമായ തെളിവായി മാറുന്നത്. ഈ ദൃശ്യങ്ങളിൽ പലതും ഫ്രാങ്കോ മുളയ്ക്കലിനെതിരായ നിർണ്ണായകമായ തെളിവുകളാണ്. ഈ തെളിവുകൾ പൊലീസ് സംഘം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. 19 ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കൽ എത്തുമ്പോൾ ചോദിക്കാനുള്ള ചോദ്യങ്ങൾ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങളുടെ മറുപടിയുടെ അടിസ്ഥാനത്തിലാവും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമോ എന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് അന്വേഷണ സംഘം കടക്കുക.
ഇനി അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന സൂചനയാണ് അന്വേഷണ സംഘം ഐജിയോടു നൽകിയിരിക്കുന്നത്. ബിഷപ്പിനെ രക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ ശ്രമം നടത്തിയിരുന്നത് ഐജി വിജയ് സാഖറെയായിരുന്നു. കേസിൽ ബിഷപ്പിനു അനുകൂലമായി നിലപാട് എടുത്തിരുന്നതും ഇദ്ദേഹമായിരുന്നു. എന്നാൽ, നിർണ്ണായകമായ രണ്ട് തെളിവുകൾ ലഭിച്ചതോടെ ഈ കേസിൽ ഇനി ഇദ്ദേഹത്തിനം ബിഷപ്പിനെ രക്ഷിക്കാനാവില്ലെന്ന സ്ഥിതിയായി.