കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെ വീണ്ടും വിവാദത്തില്‍; സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍; ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനോട് ഡിസിപി കാണിച്ചത് മര്യാദകേടെന്ന് സഹപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍
കൊച്ചി: കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ‘അക്ഷയപാത്രം’ എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍. സി.പി.ഒ പി.എസ്.രഘുവിനെതിരേ ഡി.സി.പി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം
ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് നടപടി.
ഫെബ്രുവരി 17നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ടീവെന്‍ഡിങ് മെഷീനും ലഘുഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയത്. സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ദീര്‍ഘനേരം ഭക്ഷണമോ വെള്ളമോ കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് വിരാമമിടാനായിരുന്നു നടപടി. രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ ഫണ്ട് സ്വരൂപിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. പരാതിക്കാരനും പ്രതിയും സാക്ഷിയുമുള്‍പ്പെടെ സ്റ്റേഷനിലെത്തുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരുന്നു ഭക്ഷണമൊരുക്കിയത്. സംസ്ഥാനത്ത് ഇത്തരമൊരു സൗകര്യമൊരുക്കുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു കളമശ്ശേരിയിലേത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സസ്പെഷന്‍ഷനിലായ പി.എസ്.രഘു. ലോക്ക്ഡൗണ്‍ സമയത്ത് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ചതിന് അന്നത്തെ കൊച്ചി ഐ.ജി വിജയ് സാഖറെയില്‍ നിന്ന് രഘുവിന് പ്രശസ്തിപത്രവും പാരിതോഷികവും ലഭിച്ചിരുന്നു. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലായിരിക്കെ രാത്രിയില്‍ വഴിതെറ്റിയ വിദേശവനിതയെ സുരക്ഷിതയായി ഹോട്ടലില്‍ കൊണ്ടുവിട്ട സംഭവവും വാര്‍ത്തയായി. കോവിഡ് സമയത്തും രഘുവിന്റെ സേവനങ്ങള്‍ മനുഷ്യര്‍ക്കും മിണ്ടാപ്രാണികള്‍ക്കും ഒരുപോലെ സഹായകമായിരുന്നു.
പൊതുജനങ്ങളുമായി പോലീസ് സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹറയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കളമശ്ശേരി പോലീസ് ‘അക്ഷയപാത്രം’ ഒരുക്കിയത്. മറ്റു സ്റ്റേഷനുകള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ തുരങ്കം വെക്കുകയാണെന്ന് മറ്റ് പൊലീസുകാര്‍ പറയുന്നു. ഭക്ഷണസൗകര്യം ഒരുക്കുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു.
രഘുവിനെ സസ്പെന്‍ഡ് ചെയ്ത ഡി.സി.പി ഐശ്വര്യ ഡോങ്രയുടെ ആദ്യ വിവാദ നടപടിയല്ല ഇത്. ജനുവരിയില്‍ ചുമതലയേറ്റ ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പാറാവു നിന്നിരുന്ന പോലീസുകാരി തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ നടപടിയെടുത്തത് വലിയ വിവാദമായിരുന്നു.