കോട്ടയത്ത് തട്ടിപ്പും വെട്ടിപ്പുമായി നടന്നയാൾ ഉത്തരാഖണ്ഡിലെത്തിയപ്പോൾ ലൂർദ്ദ് അച്ചനായി മാറി ;കന്യാസ്ത്രീയ്ക്കൊപ്പം ചേർന്ന് വിദേശ മലയാളികളെ ആത്മീയത പറഞ്ഞ് വളച്ചെടുത്തു :വിശ്വാസികളോട് പട്ടിണി കഥ പറഞ്ഞ് അച്ചൻ തട്ടിയെടുത്തത് ലക്ഷങ്ങൾ :വാകത്താനത്തെ രാജേഷ് കേരളം വിട്ടപ്പോൾ ലൂർദ്ദ് അച്ചനായി മാറിയ കഥ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം: വാകത്താനത്ത് തട്ടിപ്പും വെട്ടിപ്പുമായി നടന്നയാൾ ഉത്തരാഖണ്ഡിലെത്തിയപ്പോൾ വിശുദ്ധനായ ലൂർദ്ദ് സ്വാമി അച്ചനായി മാറി. ഈ വിശുദ്ധ പരിവേഷത്തിലൂടെ പണം തട്ടലും തകൃതിയായി. വാകത്താനം സ്വദേശിയായ രാജേഷ് ലൂർദ്ദ് സ്വാമി അച്ചനായി വേഷം മാറി വിദേശമലയാളികളിൽ നിന്നടക്കം തട്ടിയെടുത്തത് കോടികളാണ്. ഇയാൾക്കെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ലഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
പ്രവാസികൾക്കിടയിലെ ലൂർദ്ദ് സ്വാമി അച്ചനെക്കുറിച്ച് വിശ്വാസികൾ അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്്. ബെനക്ടികൻ സന്യാസിയാണന്നും ഉത്തരാഖണ്ഡിലുള്ള നിത്യാരാധന ചാപ്പലിൽ മൗനമായി പ്രാർത്ഥന നടത്തുന്നയാളാണ് ലൂർദ്ദ് അച്ചൻ എന്ന നിലയിലാണ് ഇയാൾ വിദേശ രാജ്യങ്ങളിലെ വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കന്യാസ്ത്രീ മുഖേനെയാണ് രാജേഷ് വിദേശമലയാളികൾക്കിടയിലെ വിവിധ ക്രൈസ്തവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ഇയാൾക്കൊപ്പം ഇവിടെ 22 അച്ചന്മാർ നിത്യാരാധന നടത്തുന്നതായും ഇവർ ധരിപ്പിച്ചു. വിദേശമലയാളികൾക്കു വേണ്ടി ഇവർ പ്രേത്യേകം പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്നും ഇയാൾക്കൊപ്പമുള്ള കന്യാസ്ത്രീ പ്രചരിപ്പിച്ചിരുന്നു.
സ്ഥലം വിൽപ്പന തടസ്സംമാറാൻ,ജോലി കിട്ടാൻ, വിസ കിട്ടാൻ, കുടുംബപ്രശ്നം തുടങ്ങി എല്ലാവിധ പ്രശ്നങ്ങളും മാറാൻ വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു ഇയാളുടെ പ്രധാന പരിപാടി. പ്രാർത്ഥനയ്ക്കായി വിളിച്ചവരെയെല്ലാം ആത്മീയ സ്വഭാവത്തോടെ സംസാരിച്ച് കൈയിലെടുക്കുന്നതായിരുന്നു രീതി.
ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശ നയം മൂലം വിദേശത്തുള്ള ബെനഡിക്ടൻ സന്യാസ ആശ്രമങ്ങൾക്ക് ഇന്ത്യയിലേക്ക് പണം അയക്കുവാൻ സാധിക്കുന്നില്ലെന്നും ഇതുമൂലം ലൂർദ്ദ് അച്ചനും മറ്റു സന്യാസിമാരും പട്ടിണിയിലാണന്നും പറഞ്ഞ് വിശ്വാസികൾക്ക് സന്ദേശമെത്തുന്നത്.
സഹായമെത്തിക്കാനാകട്ടെ ആശ്രമത്തിലെ ഇടയനാണന്ന് പറഞ്ഞ് വാകത്താനം സ്വദേശി രാജേഷിന്റെ ഫെഡറൽബാങ്ക് അക്കൗണ്ടും നൽകി.വിവരം അറിഞ്ഞ് വിളിച്ചവരോട് എല്ലാം ലൂർദ്ദ് അച്ചൻ തങ്ങളുടെ ദയനീയ സ്ഥിതി പറഞ്ഞു. വിശ്വാസികളാകട്ടെ ആ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകുകയും ചെയ്തു.
പണം അയച്ചവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥനകളും കുടുംബ വിശുദ്ധീകരണത്തിനായി ഗ്രിഗേറിയൻ കുർബാനകളും നിത്യാരാധനയും നടത്തുമെന്നും അച്ചൻ പറഞ്ഞു. സ്വിറ്റ്സർലൻഡിൽ നിന്നും, അമേരിക്കയിൽ നിന്നുമുൾപ്പടെ നിരവധി വിശ്വാസികളാണ് അച്ചൻ നൽകിയ രാജേഷിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകിയത്.
വിശ്വാസികൾ അയക്കുന്ന പണം അപ്പോൾ തന്നെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു. വീണ്ടും ആശ്രമത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ എത്തിയപ്പോൾ സംശയം തോന്നിയ വിശ്വാസികളിൽ ചിലർ ബാങ്ക് അക്കൗണ്ടിനെ പറ്റി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
2018 മുതൽ ഈ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ പണം എത്തുന്നതായി വിവരം ലഭിച്ചു. സംശയം തോന്നിയ വിശ്വാസികൾ ഉടൻ തന്നെ സഭയിൽ അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഉത്തരാഖണ്ഡിൽ ഒരു ആശ്രമമോ ഒരു അച്ചനോ ഇല്ലെന്നും കണ്ടെത്തി. താൻ ക്യാൻസർ രോഗബാധിതനാണന്നും വരുത്തി തീർത്ത് സ്വാമി ലക്ഷങ്ങൾ മേടിച്ചതായി വിവരം ലഭിച്ചു.
ഇതേ തുടർന്ന് പണമയച്ചവർ തന്നെ നടത്തിയ അന്വേഷണത്തിലാണ് വാകത്താനം സ്വദേശിയായ രാജേഷാണ് ലൂർദ് സ്വാമിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണം വേണ്ട വിധത്തിൽ നടത്താൻ പൊലീസ് തയാറായിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഇ.മെയിൽ വഴി വിദേശത്തു നിന്ന് പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിനായി പരാതി വാകത്താനം, ചിങ്ങവനം സ്റ്റേഷനുകൾക്ക് കൈമാറി. എന്നാൽ അന്വേഷണത്തിനായി ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ മറ്റു വിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
മുൻപ് വാകത്താനം പൊലീസ് പരിധിയിൽ താമസിച്ചിരുന്ന സമയത്തെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു എടുത്തിരിക്കുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് ഇയാൾ താമസമില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അക്കൗണ്ട് ഉടമ പണം പിൻവലിക്കുന്നത് എവിടെ നിന്നാണന്ന് ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കാൻ നിമിഷങ്ങൾ മതിയെന്നിരിക്കെയാണ് പൊലീസ് അന്വേഷണം വലിച്ചു നീട്ടുന്നതെന്നും ആരോപണമുണ്ട്. സ്വാമിയെ വിദേശികൾക്ക് പരിചയപ്പെടുത്തികൊടുത്ത കന്യാസ്ത്രീയെക്കുറിച്ചും അന്വേഷണമില്ല.