
കുതിച്ചു പാഞ്ഞ കിഫ്ബിയെ കിതപ്പിലേയ്ക്ക് തള്ളിയിട്ട് സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം: പിണറായിയുടെയും പാർട്ടിയുടെയും കടുംപിടുത്തം സർക്കാരിനെ വെട്ടിലാക്കുന്നു; തോമസ് ഐസക്കില്ലാതെ കിഫ്ബി ഇനി കിതയ്ക്കുമോ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാന സർക്കാരിന്റെ വികസന മന്ത്രം കിഫ്ബിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെല്ലാം പാറിപ്പറന്നത് കിഫ്ബിയുടെ ചിറകിലേറിയായിരുന്നു. ഈ വികസന പദ്ധതികളുടെ കുതിപ്പ് തന്നെയാണ് ഇപ്പോൾ കിഫ്ബിയ്ക്ക് പുതുചിറകും സംസ്ഥാന സർക്കാരിന് അഭിമാനവുമായി മാറിയത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ അഭിമാനമായി കുതിച്ചിരുന്ന പദ്ധതിയുടെ ചിറകുകൾ അരിയുകയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ പുതിയ പ്രതീക്ഷ നൽകിയിരിക്കുന്നത്.
അഞ്ചുവർഷക്കാലത്തെ സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയടക്കം എണ്ണിയെണ്ണി പറയുമ്‌ബോൾ ഇതിന്റെയൊക്കെയിം നെടുംതുണാകുന്നത് കിഫ്ബി എന്ന ചുരുക്കപ്പേര് തന്നെയായായിരുന്നു. ആക്രമണം ഉണ്ടായപ്പോഴും കിഫ്ബി എന്ന മാന്ത്രിക്കകുതിര ഈ സർക്കാരിനെയും കൊണ്ട് വികസനത്തിലേക്ക് കുതിക്കുകയായിരുന്നു.എന്നാൽ അതേ കിഫ്ബിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പിണറായി വിജയന്റെയും പാർട്ടി പോളിറ്റ് ബ്യൂറോയുടെയും കടുംപിടുത്തങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി മുന്നോട്ട് വെക്കുന്ന രണ്ട് ടേം വ്യവസ്ഥ പ്രകാരം ധനമന്ത്രി തോമസ് ഐസക് ഇത്തവണ മത്സരത്തിന് ഉണ്ടാകില്ല എന്നു ഉറപ്പായിക്കഴിഞ്ഞു.അതുകൊണ്ട് തന്നെ തേരാളിയില്ലാതെ എത്രദുരം ഈ കുതിരയ്ക്ക് ഇനി ഓടൻ കഴിയുമെന്നതാണ് കിഫ്ബിയെ സംബന്ധിച്ച് ഉയർന്നുവരുന്ന പ്രധാനചോദ്യം. തോമസ് ഐസക്കിന്റെ സ്വപ്നപദ്ധതിയായ കിഫ്ബിക്ക് അദ്ദേഹമില്ലാതെ എത്രദുരം മുന്നോട്ടു പോകാനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
രണ്ടു ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.പ്രതിഷേധങ്ങളുയരുമ്പോളും തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോഅംഗങ്ങൾക്കിടയിലെ ധാരണ. രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി.ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്ടമായത്.
തുടർച്ചയായി ജയിച്ചവർ തുടർന്നതാണ് പാർട്ടിക്ക് ബംഗാളിൽ അടിത്തറയിളക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ. ബംഗാളിൽ ഒരു നിര നേതാക്കൾ പ്രായമായപ്പോഴേക്കും നയിക്കാൻ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാർട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.ഇ കടുംപിടത്തം അനിശ്ചിതത്വത്തിലാക്കുന്നത് കിഫ്ബിയുടെ ഭാവിയേയും.
കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ മന്ത്രി തോമസ് ഐസക്കുമാണ്. പക്ഷെ കിഫ്ബിയുടെ ചരട് ഐസക്കിന്റെ കൈകളിലായിരുന്നു.എപ്പോഴൊക്കെ കിഫ്ബി വിവാദത്തിൽപ്പെട്ടോ അപ്പോഴൊക്കെ ആശയക്കുഴപ്പം നീക്കാനും പ്രതിരോധിക്കാനും ധനമന്ത്രി ടി.എം.തോമസ് ഐസക് സജീവമായി രംഗത്തുണ്ടായിരുന്നു.
അതിനു പ്രധാന കാരണം കിഫ്ബിയെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും സംശയങ്ങൾ തീർക്കാനും രാഷ്ട്രീയ നേതാക്കളിൽ ഒരു പരിധി വരെ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നതു തന്നെ. കിഫ്ബിയെന്ന ആശയത്തിനു പിന്നിൽ കെ.എം.ഏബ്രഹാം എന്ന മുൻ ചീഫ് സെക്രട്ടറിയാണെങ്കിലും കഴിഞ്ഞ യുഡിഎഫ് സർക്കാർ പൂർണസമ്മതം നൽകാത്ത ഈ ആശയം രണ്ടും കൽപിച്ചു നടപ്പാക്കി വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഐസക്കിനു തന്നെയാണ്.
വിവാദത്തിനും വികസനത്തിനും ഒരുപോലെ കാരണമായ പേരായിരുന്നു കിഫ്ബിയുടേത്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നു പോലും കിഫ്ബിക്കെതിരെ ഒളിയമ്ബുകൾ വന്നു.ഇതിനെയൊക്കെത്തന്നെയും നേരിട്ടത് തോമസ് ഐസക്ക് ഒറ്റയ്ക്കായിരുന്നു.എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാലും പ്രതിപക്ഷത്തേയ്ക്കു മാറിയാലും നിയമസഭയിലടക്കം തോമസ് ഐസക്കിന്റെ അസാന്നിധ്യം കിഫ്ബിയെ കുറച്ചൊന്നുമല്ല ബാധിക്കുക.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്ബിയുടെ നടപടികൾ പലതും പുനഃപരിശോധിക്കും എന്നുറപ്പാണ്. അപ്പോൾ ഉയരാനിടയുള്ള ആരോപണങ്ങൾക്ക് പ്രതിപക്ഷത്തുനിന്ന് ആരു വസ്തുനിഷ്ഠമായ മറുപടി നൽകുമെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര ഏജൻസികൾ കിഫ്ബിക്കുമേൽ വട്ടിമിട്ടു പറക്കുന്നതിനാൽ ധീരമായി പൊരുതാനും ആൾ വേണം. ഇതുവരെ അതു ഭംഗിയായി നിർവഹിച്ച തോമസ് ഐസക്കിനു പകരക്കാരൻ ആകാൻ സിപിഎമ്മിൽ ആര് എന്ന ചോദ്യത്തിനു മറുപടിയില്ല.
സർക്കാർ മാറിയാൽ സിഇഒയും സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമാണ്. തോമസ് ഐസക്ക് ഇല്ലാത്തപക്ഷം ഭരണം ലഭിച്ചാലും ഇദ്ദേഹം തുടരുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഇതോടെ കിഫ്ബി ഉടച്ചുവാർക്കേണ്ട സാഹചര്യവും വന്നേക്കാം. ഇതുവരെ 63,250.66 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിൽ 43,250.66 കോടി രൂപയുടേത് 889 അടിസ്ഥാന സൗകര്യ പശ്ചാത്തല വികസന പദ്ധതികളും 20,000 കോടി രൂപയുടേത് 6 ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമാണ്. ഏതാണ്ട് 15,000 കോടി രൂപയാണ് കിഫ്ബിക്ക് ഇതുവരെ ചെലവാക്കാനായത്.
ഇപ്പോൾ തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ അക്കമിട്ടു നിരത്തുന്ന വികസന പദ്ധതികളുടെയൊക്കെ ധനസ്രോതസ്സ് കിഫ്ബി തന്നെയായിരുന്നു. കിഫ്ബിയെന്ന സർക്കാരിന്റെ മാന്ത്രികക്കുതിരയെ നയിച്ച ഐസക്കില്ലാത്ത കിഫ്ബിയുടെ ഗതിയെന്താകുമെന്നു കാത്തിരുന്നുതന്നെ കാണണം.