video
play-sharp-fill

കോടികളുടെ സഹകരണബാങ്ക് അഴിമതി; സീമാശിവ റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

കോടികളുടെ സഹകരണബാങ്ക് അഴിമതി; സീമാശിവ റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

Spread the love

സ്വന്തം ലേഖകൻ

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിക്കേസിൽ പിടിയിലായ മൂന്നാം പ്രതിയും മുൻജൂനിയർ ക്ലർക്കുമായ സീമാശിവ (35) യെ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് അഴിമതിക്കേസിൽ കൂടുതൽ പേരെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്യമെന്നാണ് സൂചന. ബാങ്കിന്റെ തഴക്കര ശാഖയിലെ ജീവനക്കാരിയായ സീമാശിവയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞുവന്ന ഇവരെ റാന്നി വലിയകുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ബാങ്ക് അഴിമതിക്കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്.
2016 ഡിസംബർ 24നായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘം 34.81 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. സ്വർണവായ്പയിൽ 8.17 കോടിയും സ്ഥിരംനിക്ഷേപവായ്പയിൽ 14.82 കോടിയും ഉപഭോക്തൃവായ്പയിൽ 3.44 കോടിയും ക്യുമുലേറ്റീവ് നിക്ഷേപവായ്പയിൽ 2.25 കോടിയും വ്യാപാരികളുടെ പരസ്പര ജാമ്യ വായ്പയിൽ 4.53 കോടി രൂപയും തട്ടിയതായാണ് ബോദ്ധ്യമായത്. സ്വയംസഹായസംഘങ്ങൾക്കുള്ള വായ്പയിൽ 99 ലക്ഷം രൂപയുടെയും ക്രമക്കേട് കണ്ടെത്തി. തഴക്കര ശാഖാ മുൻമാനേജർ ജ്യോതി മധു, മുൻ സീനിയർ ക്ലാർക്ക് ബിന്ദു ജി. നായർ, മുൻപ്രസിഡന്റ് കോട്ടപ്പുറത്ത് വി. പ്രഭാകരൻപിള്ള, സെക്രട്ടറി അന്നമ്മ മാത്യു എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ഇവർക്കെല്ലാം ജാമ്യം ലഭിച്ചു.