കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകുന്നതിൽ തീരുമാനം എടുക്കുക സി.പി.എം;അന്വേഷണ ഏജൻസികളുടെ ലക്ഷ്യം പിണറായി ആണെന്ന തിരിച്ചറിവിൽ പാർട്ടി തീരുമാനമെടുക്കുക എല്ലാം നിയമ സാധുതകളും പരിശോധിച്ച്: തെരഞ്ഞെടുപ്പിൽ പാർട്ടിയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണ് സ്വപ്‌നയുടെ മൊഴിയെന്ന ക്യാപ്‌സൂൾ ന്യായീകരണവുമായി പാർട്ടി
സ്വന്തം ലേഖകൻ
കൊച്ചി: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുക സിപിഎം. ചോദ്യം ചെയ്യലിനായി 12ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നൽകിയിക്കുന്നത്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ എത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം നിയമപരമായ സാധുതകൾ പരിശോധിച്ചായിരിക്കും പാർട്ടി തീരുമാനമെടുക്കുക. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർക്ക് ഇത്തരത്തിലൊരു നോട്ടീസ് നൽകാൻ കസ്റ്റംസിന് കഴിയുമോ എന്നാകും പരിശോധിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ ഏജൻസികളുടെ നടപടിയെ നിയമ വഴിയിലൂടെ പ്രതിരോധിക്കാനാണ് നീക്കം. സ്പീക്കറും മുഖ്യമന്ത്രിയും ഡോളർ കടത്തിൽ നേരിട്ട് ഇടപെട്ടുവെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം സ്വപ്‌നയുടെ മൊഴി കേന്ദ്രസർക്കാരിന്റെ ഗൂഢലോചനയാണെന്നാണ് സിപിഎം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തകർക്കാനുള്ള ശ്രമം.
സ്പീക്കറുടെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന വിലയിരുത്തലുമുണ്ട്. ഡോളർ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടർ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകമാണ്.മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഡോളർ കടത്തിൽ വ്യക്തത വരണമെങ്കിൽ 3 മുൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എത്ര ഡോളർ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികൾ, എവിടെ വച്ച്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തണം.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയതെന്നു സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പു പ്രകാരം സ്വപ്ന നൽകിയ മൊഴിയിലും ക്രിമിനൽ നടപടിച്ചട്ടത്തിലെ 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും മുഖ്യമന്ത്രിക്കും സ്പീക്കർക്കും 3 മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.