ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് പ്രതിഷേധാർഹം: കെ.എം.മാണി
സ്വന്തം ലേഖകൻ
കോട്ടയം: മറ്റ് സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ച് രാജ്യത്തിന് മാതൃക കാണിച്ചിട്ടും പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാത്ത കേരളത്തിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്തിന് ഇനിയും ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കെ.എം.മാണി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രിയായിരുന്ന താൻ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികവിൽപ്പന നികുതി വേണ്ടെന്നു വച്ചിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഭരണകൂടത്തിൽ നിന്നും ഇത്തരം ആശ്വാസ നടപടികളാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. ഇന്ധന വില കുത്തനെ കൂടിയതിന്റെ ഫലമായി സമസ്ത മേഖലകളിലും വിലക്കയറ്റമാണെന്ന് കെ.എം.മാണി പറഞ്ഞു. പെട്രോളിനെയും ഡീസലിനെയും ജി എസ് ടി യിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്യുകയാണെങ്കിൽ പരമാവധി നികുതി നിരക്കായ 28 ശതമാനം മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുകയുള്ളു. ജനനന്മക്ക് വേണ്ടി ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യറാകുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു.