പൊതുസ്ഥലത്ത് പതിച്ച കെ.സുരേന്ദ്രന്റെ യാത്രയുടെ പോസ്റ്ററുകളും കൊടികളും നീക്കാൻ ശ്രമം: പോസ്റ്റർ നീക്കാൻ ശ്രമിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡ്; കോട്ടയം പുളിമൂട് ജംഗ്ഷനിൽ ബി.ജെ.പി – തിരഞ്ഞെടുപ്പ് കമ്മിഷൻ പൊലീസ് പോര്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പൊതുസ്ഥലത്തു നിന്നു നീക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് ബി.ജെ.പി പ്രവർത്തകരും ആന്റി ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. പൊലീസ് എത്തി പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ വാക്കേറ്റം രൂക്ഷമായി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര മാർച്ച് രണ്ടിനാണ് ജില്ലയിൽ എത്തുന്നത്. ഇതിന്റെ പ്രചാരണത്തിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും കെട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ പ്രചാരണമായതിനാൽ പൊതുസ്ഥലത്തെ ഇത്തരം പോസ്റ്ററുകൾ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്‌ക്വാഡ് അംഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്ററുകളും, ബോർഡുകളും കൊടികളും നീക്കം ചെയ്യുന്നത് അറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് അംഗങ്ങളെ നേരിൽ കാണാൻ ശ്രമിച്ചു. എന്നാൽ, ഇവർ നേരിൽ കാണാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ ബി.ജെ.പിയുടെ പരിപാടി അവസാനിച്ചിട്ടില്ലെന്നും നടക്കുന്ന പരിപാടിയായതിനാൽ ഒഴിവാക്കണമെന്നും നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഇതിനും തയ്യാറായില്ലെന്നു ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു.
ഇതേ തുടർന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിമാരായ ലിജിൻ ലാൽ, എം.വി ഉണ്ണികൃഷ്ണൻ, മധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, കെ.പി ഭുവനേശ് എന്നിവർ പുളിമൂട് ജംഗ്ഷനിൽ വച്ച് സ്‌ക്വാഡിനെ തടയുകയായിരുന്നു. മുൻ കൂർ നോട്ടീസ് നൽകുകയോ, മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പോസ്റ്ററുകളും കൊടികളും നീക്കം ചെയ്തത് എന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
സംഭവം അറിഞ്ഞ് കോട്ടയം ഡിവൈ.എസ്.പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തുടർന്നു, പൊലീസും ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുമായി വൈകിട്ട് മൂന്നു മണിയ്ക്ക് ചർച്ച നടത്താമെന്നു ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.