പതിവ് തെറ്റിക്കാതെ ബ്ലാസ്റ്റേഴ്‌സ്: അവസാന നിമിഷം വഴങ്ങിയ ഗോളിൽ വീണ്ടും സമനില; പ്ലേ ഓഫ് കാണാതെ ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പുറത്തേയ്ക്ക്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ഗോവ: മുൻ സീസണുകളിലെ പതിവ് ഇക്കുറിയും തെറ്റിയ്ക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ലീഡ് നേടിയ ശേഷം എതിർ ടീമിന് ലീഡ് വഴങ്ങി പരാജയപ്പെടുന്ന രീതി ഇക്കുറിയും തുടർന്ന ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ സീസണിൽ നിന്നും പുറത്തേയ്ക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ അവസാനക്കാരായ ഒഡിഷ എഫ്‌സിയോട് സമനില നേടിയതോടെയാണ് ഇനിയും മൂന്നു മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ ബ്ലാസ്‌റ്റേഴ്‌സ് സീസണിൽ നിന്നും പുറത്തായിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലനിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. എന്നാൽ പതിവുപോലെ ലീഡ് നേടിയിട്ടും അവസാനം ഗോൾ വഴങ്ങി സമനില കുരുക്കിലകപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്. ഒഡീഷയോട് 2-2ന് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗോളവസരങ്ങൾ തുലച്ചു കളഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് തോൽവിക്കു സമാനമായ സമനില വഴങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവേശമില്ലാത്ത തുടക്കമായിരുന്നു മത്സരത്തിന്. ഇരു ടീമുകളും ആക്രമിക്കാൻ തയ്യാറാകാതെയാണ് കളിത്തട്ടുണർന്നത്. മത്സരത്തിൽ 31ആം മിനുട്ടിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. ഇടതു വിങ്ങിലൂടെ വന്ന സഹൽ നൽകിയ പാസ് സ്വീകരിച്ച ഹൂപ്പർ എതിർ താരത്തെ മറികടന്ന് ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം പിഴച്ചു. ഇതിനു പിന്നാലെ ഒഡീഷ ഗോൾകീപ്പറിന്റെ പിഴവ് മുതലെടുത്ത ഹൂപ്പർ ഒരു മനോഹര പാസ് ജുവാൻഡെയ്ക്ക് കൊടുത്തുവെങ്കിലും മധ്യനിര താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പോയി.

വൈകാതെ തുടരെ തുടരെ ബ്ലാസ്റ്റേഴ്‌സ് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. എന്നാൽ ആദ്യ പകുതിയിൽ ഒഡീഷ അവർക്ക് ലഭിച്ച ഏക അവസരം ഗോളാക്കി മാറ്റി. 45ആം മിനുട്ടിൽ മൊറീസിയോ ആണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ഇതോടെ അപകടം മണത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മക ഫുട്‌ബോൾ പുറത്തെടുത്തു. ഇതിൻറെ ഭാഗമായി ഒന്നാനന്തരം അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തി.

വൈകാതെ അവർ ഒഡീഷയ്‌ക്കൊപ്പമെത്തുകയും ചെയ്തു. 52-ാം മിനുട്ടിൽ ഗാരി ഹൂപ്പറിന്റെ ഒരു പാസ് തകർപ്പനൊരു ഡൈവിലൂടെ മറെ കൃത്യമായി വലയിൽ എത്തിച്ചു. മറെയുടെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

ഒപ്പമെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമിച്ചു കളിച്ചു. എങ്ങനെയും ലീഡെടുക്കുകയായിരുന്നു ലക്ഷ്യം. വൈകാതെ 68-ാം മിനുട്ടിൽ ഹൂപ്പറിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡും എടുത്തു. സഹലിന്റെ സുന്ദരമായ പാസ് ആയാസം കൂടാതെ തന്നെ ഹൂപ്പർലക്ഷ്യത്തിൽ എത്തിച്ചു. ലീഡ് നേടിയിട്ട് മത്സരം കൈവിടുന്ന നിർഭാഗ്യം ഇത്തവണയും ബ്ലാസ്റ്റേഴ്‌സിനെ വിടാതെ പിന്തുടർന്നു. ലീഡ് നേടി ആറു മിനിട്ടിനകം ബ്ലാസ്റ്റേഴ്‌സിനൊപ്പമെത്താൻ ഒഡീഷയ്ക്ക് സാധിച്ചു. മൊറീസിയോ തന്നെയാണ് രണ്ടാം ഗോളും നേടിയത്.

പൊതുവെ പ്രതിരോധത്തിലൂന്നി കളിച്ച ഒഡീഷയുടെ ഓൺ ടാർജറ്റായ രണ്ടാമത്തെ ഷോട്ടിലാണ് അവർ രണ്ടാമതും ലക്ഷ്യം കണ്ടത്. ഒഡീഷ നേടിയ രണ്ടു ഗോളുകളും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ വിള്ളൽ തുറന്നു കാട്ടുന്നതായിരുന്നു. രണ്ടാമതും ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് അതുവരെയുണ്ടായിരുന്ന ആധിപത്യം സ്വയം കളഞ്ഞു കുളിച്ചു. തോറ്റവരുടെ ശരീരഭാഷയായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്. ഗോൾ നേടി വിജയം പിടിച്ചെടുക്കാൻ ശ്രമിക്കാതെ തന്നെ അവർ മത്സരം സമനിലയിൽ അവസാനിപ്പിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ നേടാനുള്ള സുവർണാവസരം ബ്ലാസ്റ്റേഴ്‌സും ഒഡീഷയും നഷ്ടമാക്കി.

ഈ സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് 16 പോയിൻറുമായി ഒമ്ബതാം സ്ഥാനത്താണ്. ഇനി മൂന്നു മത്സരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞു.