സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല: കടയുടമയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസിൽ ക്രിമിനൽക്കേസ് പ്രതി അറസ്റ്റിൽ. മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഉടുമ്പനാട് വിശാഖിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൂരക്കാവ് ക്ഷേത്രത്തിനു സമീപത്തെ കടയുടയ തോമസിനു നേരെയാണ് കഴിഞ്ഞ ദിവസം വൈശാഖ് കുരുമുളക് സ്േ്രപ പ്രയോഗിച്ചത്.
അടിപിടിയും അക്രമവും അടക്കം നിരവധിക്കേസുകളിൽ പ്രതിയായ വൈശാഖ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തോമസിന്റെ കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. വൈശാഖ് ആവശ്യപ്പെട്ട സിഗരറ്റ് കടയിൽ ഇല്ലാതെ വന്നതോടെ ഇത് തീർന്നതായി തോമസ് പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന വൈശാഖ് കടയിലുണ്ടായിരുന്ന സാധനങ്ങൾ തട്ടിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്നു അരയിൽ കരുതിയിരുന്ന കുരുമുളക് സ്േ്രപ വൈശാഖ് തോമസിന്റെ മുഖത്തേയ്ക്ക് പ്രയോഗിക്കുകയായിരുന്നു. തുടർന്ന് തോമസ് ബഹളം വച്ചതോടെ വൈശാഖ് സംഭവ സ്ഥലത്തു നിന്നും അതിവേഗം ബൈക്കിൽ കയറി രക്ഷപെട്ടു.
മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ തോമസ് പിന്നീട്, ഗാന്ധിനഗർ എസ്ഐ അനൂപ് ജോസിനു പരാതി നൽകി. തുടർന്നു
എഎസ്ഐമാരായ സജിമോൻ, അനിൽകുമാർ, സിപിഒമാരായ അജിത്, ഹരിഹരൻ, ഷോബി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.