
വൈക്കം താലൂക്ക് ആശുപത്രിയിലെ കൊള്ളക്കാരനായ ഡോക്ടർ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി; കൈക്കൂലി വാങ്ങിയത് പാവപ്പെട്ട കൂലിപ്പണിക്കാരനിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടിലെത്തി ഡോക്ടർക്കു നൂറു രൂപ നൽകിയാൽ അതും കൈക്കൂലി തന്നെ. സാധാരണക്കാരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങുന്ന യുവ ഡോക്ടർ ഒടുവിൽ പിടിയിൽ. ഡോക്ടർമാർ ഫീസായും ഓപ്പറേഷനു മുൻപും വാങ്ങുന്ന പണത്തെ കൈക്കൂലിയായി മലയാളികൾ കണ്ടിരുന്നില്ല .എന്നാൽ പിഴിഞ്ഞ് വാങ്ങാൻ തുടങ്ങിയാൽ അധികാരികളെ അറിയിക്കുക തന്നെ വേണം
വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
തലായാഴം സ്വദേശിനിയുടെ ഭർത്താവിന് വയറുവേദനയെ തുടർന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ അപ്പെൻഡിക്‌സ് ശസ്ത്രക്രിയ നിശ്ചയിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷൻ നടത്തിയില്ല. ഇതേ തുടർന്നു, ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബർ 23 ന് വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടർക്കു കൈമാറി. തുടർന്നു ഡിസംബർ 24 ന് തന്നെ ഡോക്ടർ ശസ്ത്രക്രിയ നടത്തി.
തുടർന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടർന്ന് ഡോ. ശ്രീരാഗ് എസ്.ആർ – നെ സമീപ്പിച്ചപ്പോൾ ഒരു ഓപ്പറേഷൻ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെടുകായിയായിരുന്നു. ഇതേ തുടർന്ന് തലയാഴം സ്വദേശിനി വിജിലൻസ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നൽകി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഡോ. ശ്രീരാഗ് എസ്.ആർ – നെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ച് ഡോ. ശ്രീരാഗ് എസ്.ആർ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പിൽ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലൻസ് സംഘം പ്രതിയെ പിടികൂടി.
കൈക്കൂലി തുക ഉൾപ്പെടെ 15,540 രൂപ വിജിലൻസ് സംഘം ഇയാളുടെ മേശയിൽ നിന്നും പിടിച്ചെടുത്തു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് സംഘം നടപടികൾ പൂർത്തീകരിച്ചത്. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ വിജിലൻസ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിനെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സന്തോഷ് കുമാർ കെ., പ്രസന്നകുമാർ, അനിൽ കുമാർ റ്റി. കെ. എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, പ്രസാദ് കെ. എ., അനിൽ കുമാർ കെ. എസ്., ബിനു ഡി., പോലീസ് ഉദ്യോഗസ്ഥരായ കുര്യാക്കോസ് എബ്രഹാം, അനൂപ് പി. എസ്. , അനിൽ കെ. സോമൻ, രഞ്ജിനി, ബിജു. പി. എ., സജിമോൻ, അനീഷ്, രാഹുൽ രവി എന്നിവരും ഉണ്ടായിരുന്നു.