ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ; സെൻട്രൽ പോലീസ് ക്യാന്റീന്റെ വ്യാജ ബോർഡുകളടക്കം പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കാലങ്ങളായി കേരളത്തിനകത്തും പുറത്തുമായി അനവധി തട്ടിപ്പുകൾ നടത്തി വന്നിരുന്ന ഇല്ലിക്കൽ ഭാഗത്ത് തോപ്പിൽ വീട്ടിൽ ശിവൻ മകൻ ടി. എസ് വിനോദ് കുമാർ (49) വയസ്സ് ആണ് പിടിയിലായത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിൽ തട്ടിപ്പുകൾ നടത്താൻ തയാറെടുപ്പുകൾ നടത്തി വന്നതിനിടയിലാണ് ടിയാൻ പിടിയിലാകുന്നത്. വ്യാജ രജിസ്ട്രേഷൻ നമ്പരിൽ ഇയാൾ ഉപയോഗിച്ചുവന്ന മഹീന്ദ്ര സൈലോ വാഹനം പോലിസ് കണ്ടെടുത്തു. KL-05-Z-4286 എന്ന വ്യാജ നമ്പർ ആണ് ടിയാൻ ഉപയോഗിച്ചു വന്നത്. ഈ നമ്പർ സുരേഷ് കുമാർ വി ഡി എന്ന ആളുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറിന്റെതാണ്. ഈ വാഹനം ആണ് ഇയാൾ തട്ടിപ്പുകൾക്കായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ നിന്നും നിരവധി വ്യാജ ഡോക്യുമെന്റുകൾ ലഭിച്ചിട്ടുണ്ട്. ജെറ്റ് എയർ വെയ്സ് ലോജിസ്റ്റിക് ജനറൽ മാനേജർ എന്ന പദവിയിലുള്ള ബോർഡ് വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്നു. ജെറ്റ് എയർ വെയ്സുമായി ഇയാൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പോലീസ് പറഞ്ഞു. ജെറ്റ് എയർ വെയ്സുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത് എന്നാണ് ഇയാൾ നാട്ടിൽ പറഞ്ഞിരുന്നത്. വള്ളം കളിയ്ക്കായി ജെറ്റ് എയർ വെയ്സ് കമ്പനിയെ കൊണ്ട് 20 ലക്ഷം രൂപ സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞു ബോട്ട് ക്ലബ്ബിനെ പറ്റിച്ച സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. സെൻട്രൽ പോലീസ് ക്യാന്റീൻ എന്ന് രേഖപ്പെടുത്തിയ വ്യാജ ബോർഡ് വാഹനത്തിൽ വയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന് രണ്ട് ബോർഡുകളും ഒറിജിനലിനെ വെല്ലുന്ന കളിത്തോക്കും വാഹനത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ക്ഷേത്ര ഭാരവാഹികളുടെയോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയോ അനുവാദം ഇല്ലാതെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ ഛായാ ചിത്രസമർപ്പണം എന്ന വ്യാജ കാർഡുകൾ Rs . 1000, 5000, 10000, 25000 എന്നീ വിലകൾ രേഖപ്പെടുത്തിയതും ഇയാൾ സ്വന്തമായി പ്രിന്റ് ചെയ്ത് സൂക്ഷിച്ചിരുന്നതുമായ 500 ലധികം കാർഡുകൾ കണ്ടെടുത്തു. പ്രമുഖ വാഹന ഡീലറുടെ പരസ്യവും ഈ നോട്ടിസുകളിൽ ഉണ്ടായിരുന്നു. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വെബ് സൈറ്റ് ഉണ്ടാക്കുവാനായി ഗുജറാത്തിലെ ഒരു വ്യക്തിയിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ജി.എസ്.ടി ഇല്ലാതെ പെട്ടെന്ന് ബുള്ളറ്റ് വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റൊരാളിൽ നിന്നും 27000 രൂപ വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. ട്രാവൽ ഏജൻസിയുടെ ഫ്രാഞ്ചൈസി അനുവദിച്ചു നൽകാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് തൃശ്ശൂർകാരനായ വിദേശ മലയാളിയുടെ പക്കൽ നിന്നും ഒൻപത് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് മാള പോലീസ് സ്റ്റേഷനിൽ കേസുണ്ട്. റയിൽവേയിൽ ജോലി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയതിന് കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ കേസ് എടുത്തിരുന്നു. ബുള്ളറ്റ് ക്ലബ് എന്ന പേരിൽ ഒരു വ്യാജ ക്ലബ് ഇയാൾ രൂപീകരിക്കുകയും ഇതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റട്ടുകൾ സ്വന്തമായി പ്രിന്റ് ചെയ്ത് ഇയാൾ ഫേസ് ബുക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലുള്ള നിരവധി സന്നദ്ധ സംഘടനകളിൽ നിന്നും ഇയാൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സാധനങ്ങൾ എത്തിച്ചിരുന്നു. സാധനങ്ങൾ വാങ്ങുന്നതിന് ഇയാൾക്ക് കമ്മീഷൻ ലഭിച്ചിരുന്നു. കൂടുതൽ തുക സ്വരൂപിച്ച് തട്ടിപ്പിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് പിടിയിൽ ആകുന്നത്. വിതരണം ചെയ്ത സാധനങ്ങളിൽ ഇയാൾ ഉയർന്ന ബ്രാന്റുകളുടെ സ്റ്റിക്കർ സ്വന്തമായി പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളും, രേഖകളും പ്രിന്റ് ചെയ്യാനായി ഇയാളെ സഹായിച്ച ലേസർ പ്രസ്സുകളും, ഫോട്ടോ സ്റ്റുഡിയോകളും പോലിസ് നിരീക്ഷണത്തിലാണ്. വ്യാജ റിക്രൂട്ട് മെന്റ് ഏജൻസിയുടെ ലെറ്റർ ഹെഡും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്റ്റിക്കറുകളും ആയിരക്കണക്കിന് ഇയാൾ പ്രിന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. നിരവധി ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. ജില്ലാ പോലിസ് മേധാവി ശ്രീ ഹരിശങ്കർ ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ എസ് പി ആർ .ശ്രീകുമാറിന്റെ നേതൃത്തത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എഎസ് ഐ പ്രസാദ് കെ. ആർ, അജിത്, സീനിയർ സിവിൽ പോലിസ് ഓഫിസർ അരുൺ കുമാർ കെ. ആർ , സിവിൽ പോലിസ് ഓഫീസർ പ്രദീപ് വർമ്മ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കുമരകം സബ് ഇൻസ്പെക്ടർ രജൻ കുമാർ കേസ് രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group