play-sharp-fill
പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം തുടരാൻ യു.ഡി.എഫ്: ശബരിമല തന്നെ നിയമസഭയിലും ആയുധമാക്കും;  നിയമനിർമാണം നടത്തുമെന്നും ചർച്ചയാക്കുമെന്നും  കുഞ്ഞാലിക്കുട്ടി

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം തുടരാൻ യു.ഡി.എഫ്: ശബരിമല തന്നെ നിയമസഭയിലും ആയുധമാക്കും; നിയമനിർമാണം നടത്തുമെന്നും ചർച്ചയാക്കുമെന്നും കുഞ്ഞാലിക്കുട്ടി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ശബരിമലയും – രാഹുൽ ഗാന്ധിയും ഒത്തു ചേർന്നപ്പോഴാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ പത്തൊൻപത് സീറ്റും നേടി യു.ഡി.എഫ് അധികാരം പിടിച്ചത്. ഇതിനു പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയാണ് നേട്ടമുണ്ടാക്കിയത്. ഇതോടെയാണ് വീണ്ടും ശബരിമല പ്രചാരണ ആയുധമാക്കാൻ ഇപ്പോൾ യു.ഡി.എഫ് തയ്യാറെടുക്കുന്നത്.

ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്നു പ്രഖ്യാപിച്ച യു.ഡിഎഫ് ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാൻ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് മുന്നിലുള്ള വഴികൾ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയിൽ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താൻ സഹായകരമായ നിയമ നിർമാണം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചർച്ച നടത്തും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ, ലിസ്റ്റ് 3, എൻട്രി 28 പ്രകാരം മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം നടത്താൻ അധികാരമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിധിക്കെതിരേ നല്കിയ റിവ്യു ഹർജി ഉടൻ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹർജി നല്കണമെന്ന് ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല. റിവ്യൂ ഹർജിയുള്ളതുകൊണ്ട് നിയമനിർമാണം സാധ്യമല്ലെന്ന ഇടതുസർക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയിൽ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹർജികളിൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാൾപോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും ഇതിനൊരു പരിഹാരം നിർദേശിക്കുന്നില്ല. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുമെന്നു പോലും പറയാൻ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല. യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തിൽ അന്നും ഇന്നും വ്യക്തയുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

ശബരിമല വിഷയം വീണ്ടും ചർച്ചയാകുമെന്നും അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇപ്പോൾ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. ഒരു സ്വകാര്യ മലയാളം വാർത്താചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയം ചർച്ചയായാൽ ബിജെപിക്ക് മുതലെടുപ്പ് നടത്താൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായ കാര്യമാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് തന്നെ ആവർത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

‘അന്ന് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന സമീപനമാണല്ലോ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അത് ചരിത്രമായി മാറിയില്ലേ? ഞങ്ങൾ അന്ന് വിശ്വാസികളുടെ ഒപ്പം നിന്നു. യുഡിഎഫ് വളരെക്കാലം ഇവിടെ ഭരിച്ചതാണ്. അന്ന് ഇതിനൊരു ഡിസ്റ്റർബൻസ് വന്നിട്ടില്ല. എൽഡിഎഫ് വെറുതെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിഷയമുണ്ടാക്കുകയാണ് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ. ചരിത്രത്തിന്റെ ഭാഗമാണിത്. അതുകൊണ്ട് എപ്പോഴും ഏത് സമയത്തും ഡിസ്‌കഷനായി വരും. ഞങ്ങൾ അത് പറഞ്ഞുകൊണ്ടിരിക്കും.’-അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നേരത്തെ ലോക്സഭാ അംഗത്വം രാജിവച്ചിരുന്നു. പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. രാജിവച്ചതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നോ നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിൽ നിന്നോ കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടന്നേക്കും.