മണർകാട് കത്തീഡ്രലിൽ തിരുനാൾ: ചരിത്രപ്രസിദ്ധമായ റാസ ഇന്ന്
സ്വന്തം ലേഖകൻ
മണർകാട്: ആഗോളമരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിയിൽനിന്ന് ആരംഭിക്കും. പതിനായിരത്തിലധികം മുത്തുക്കുടകളും 200ൽ അധികം പൊൻവെള്ളി കുരിശും 15 ഓളം വാദ്യമേള ഗ്രൂപ്പുകളും റാസയ്ക്ക് കൊഴുപ്പേകും. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേരും. നാളെ ഉച്ച നമസ്ക്കാരത്തിനുശേഷം 11.30നാണ് ചരിത്രപ്രസിദ്ധമായ ‘നടതുറക്കൽ’ ചടങ്ങ്. പള്ളിയുടെ പ്രധാന മദ്ബഹായിൽ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി വർഷത്തിലൊരിക്കൽ തുറന്നുകൊടുക്കുന്നതാണ് ചടങ്ങ്. ഉച്ചയ്ക്ക് ഒന്നിന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർത്ഥനയും രാത്രി പത്തിന് പ്രദിക്ഷണവും 11ന് മാർഗംകളിയും പരിചമുട്ടുകളിയും നടക്കും. പെരുന്നാൾ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും ചടങ്ങുകൾക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയാറാക്കുന്നത്.