play-sharp-fill
റോഡിനു നടുവിൽ നിർത്തിയിട്ട് തർക്കിച്ച ബസുകൾക്കിടയിൽപ്പെട്ട് യാത്രക്കാരൻ ചതഞ്ഞരഞ്ഞു; ജീവച്ഛവമായ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ കടന്നു; വാരിയെല്ലുകൾ തകർന്ന യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

റോഡിനു നടുവിൽ നിർത്തിയിട്ട് തർക്കിച്ച ബസുകൾക്കിടയിൽപ്പെട്ട് യാത്രക്കാരൻ ചതഞ്ഞരഞ്ഞു; ജീവച്ഛവമായ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ കടന്നു; വാരിയെല്ലുകൾ തകർന്ന യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരക്കേറിയ കെ.കെ റോഡിനു നടുവിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് സമയത്തെച്ചൊല്ലി തർക്കിച്ച സ്വകാര്യ ബസുകൾ ചവിട്ടിയരച്ച്ത് ഒരു സാധാരണക്കാരന്റെ ജീവൻ. റോഡിനു നടുവിൽ നിർത്തിയ സ്വകാര്യ ബസിൽ കയറാനെത്തിയ യാത്രക്കാരൻ രണ്ടു ബസുകൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞു. ജീവൻ മാത്രം ബാക്കികിട്ടിയിട്ടും സ്വകാര്യ ബസ് ജീവനക്കാരുടെ മനസലിഞ്ഞിട്ടില്ല. കളക്ഷൻ കൂട്ടാനുള്ള ഓട്ടത്തിനിടയിൽ ജീവച്ഛവമായ യാത്രക്കാരനെ റോഡരികിൽ തള്ളിയ ശേഷം സംഘം കടന്നു. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ നടന്ന സംഭവത്തിൽ കൃത്യസമയത്ത് ഇടപെട്ട പൊലീസ് സംഘം രണ്ട് സ്വകാര്യ ബസുകളും കസ്റ്റഡിയിൽ എടുത്തു. അതി ശക്തമായ സമ്മർദമുണ്ടായിട്ടും സ്വകാര്യ ബസിലെ നാലു ജീവനക്കാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.
പാമ്പാടി കൂരോപ്പട ഇടത്തറയിൽ ജോയ് എബ്രഹാമിനെ (55) യാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അഞ്ചു വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപെട്ട് കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മേരി മാതാ ബസ് ഡ്രൈവർ പാലാ പൂവത്തിളപ്പ് ഓലിക്കരയിൽ അജോയ് സ്‌കറിയ (24) , കണ്ടക്ടർ ആനിക്കാട് കുന്നണ്ടത്താൽ സന്തോഷ് തോമസ് (42) , വടവാതൂർ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസ് ഡ്രൈവർ കാഞ്ഞിരം മാലത്തേട്ട് അനി എബ്രഹാം (44), കാഞ്ഞിരം പതിനഞ്ചിൽ ചിറ തൊണ്ണൂറിൽ അജിമോൻ (45) എന്നിവരെ ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കഞ്ഞിക്കുഴി ജംഗ്ഷനിൽ മണർകാട് കെകെ റോഡിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കളത്തിൽ എന്ന സ്വകാര്യ ബസ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ നിർത്തി. ഈ സമയം പിന്നാലെ എത്തിയ മേരിമാതാ കളത്തിലിനൊപ്പം ബസ് നിർത്തി. രണ്ടു ബസിനും ഇടയിൽ നേരിയ അകലം മാത്രം. കളത്തിൽ കൃത്യമായി സ്റ്റോപ്പിൽ നിർത്തിയപ്പോൾ, തിരക്കേറിയ നഗരമധ്യത്തിൽ കെകെ റോഡിനു നടുവിലെ വരയ്ക്ക് ഇപ്പുറം കടന്ന് ടയർ നിൽക്കുന്ന രീതിയിലായിരുന്നു മേരിമാത നിർത്തിയത്. തന്റെ വീടിന്റെ അടുത്തേയ്ക്കുള്ള ബസ് റോഡിനു നടുവിൽ നിർത്തിയത് കണ്ട് ജോയ് എബ്രഹാം ബസിനു അടുത്തേയ്ക്ക് ഓടിയെത്തി. എന്നാൽ, ജീവനക്കാർ തമ്മിലുള്ള അസഭ്യ വർഷത്തിനിടെ ജോയ് ഓടിയെത്തിയത് ആരും കണ്ടെില്ല. മേരിമാതയുടെ വാതിലിൽ ജോയി തട്ടിയതും ആരും കേട്ടില്ല. തർക്കം പരസ്പരം പോർവിളിച്ച് തീർക്കുന്നതിനിടെ മേരിമാതായുടെ ഡ്രൈവർ, ആക്‌സിലേറ്ററിൽ അതിവേഗം കാൽ അമർത്തി. രണ്ടു സ്വകാര്യ ബസുകൾക്കിടയിൽ നിൽക്കുന്ന എബ്രഹാം ഓടിമാറാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ മുന്നോട്ടെടുത്ത മേരിമാതായ്ക്കു മുന്നിൽ നിന്നും രക്ഷപെടാൻ സാധിച്ചില്ല. കളത്തിലിനും മേരിമാതായ്ക്കും ഇടിയിൽ കുടുങ്ങി എബ്രഹാം ശ്വാസം മുട്ടി പിടഞ്ഞു. രണ്ടു ബസിനുള്ളിലും ഇരുന്ന് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ നിലവിളിച്ചു. ഭയന്നു പോയ ബസ് ജീവനക്കാർ പെട്ടന്ന് രണ്ടു ബസും ബ്രേക്ക് ചെയ്തു നീർത്തി.
രക്തത്തിൽ കുളിച്ച് റോഡിനു നടുവിൽ വീണു കിടക്കുകയായിരുന്നു എബ്രഹാം ഈസമയം. എബ്രഹാമിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് ആരെന്നതിനെച്ചൊല്ലിയായി സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ തർക്കം. തർക്കം മൂത്ത് ഒടുവിൽ ആരും എബ്രഹാമിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ല. ഒടുവിൽ സ്വകാര്യ ബസ് ജീവനക്കാർ വണ്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു. വഴിയിൽ ചോരയൊലിപ്പിച്ച് കിടന്ന എബ്രഹാമിനെ നാട്ടുകാരും ടാക്‌സി ഡ്രൈവർമാരും ചേർന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കേസ് അന്വേഷിക്കാൻ ഈസ്റ്റ് സി.ഐ സാജു വർഗീസിനെ ചുമതലപ്പെടുത്തി. സാജു വർഗീസിന്റെ നിർദേശം അനുസരിച്ച് എസ്.ഐ ടി.എസ് റെനീഷും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടു സ്വകാര്യ ബസുകളും പിടിച്ചെടുത്തത്.
അശ്രദ്ധമായി വാഹനം ഓടിച്ചതിലും, അലക്ഷ്യമായി അപകടമുണ്ടാക്കി ജീവഹാനി ഉണ്ടാക്കിയതിനും, യാത്രക്കാരനെ അപകടത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കാഞ്ഞതും അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.