നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ബിഷപ്പ്: ബിഷപ്പിന് സല്യൂട്ടടിച്ച് പൊലീസ്; അറസ്റ്റ് മുഖ്യമന്ത്രിയെത്തിയ ശേഷം മതിയെന്ന് പൊലീസ്: പീഡനക്കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ആരെ ഭയന്നതു മൂലം
സ്വന്തം ലേഖകൻ
കൊച്ചി: പെൺകുട്ടിയെ തുറിച്ചു നോക്കിയതിന്റെ പേരിൽ പോലും യുവാക്കൾ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്ന നാട്ടിൽ, തന്നെ പീഡിപ്പിച്ചതായി ഒരു കന്യാസ്ത്രീ വിളിച്ചു പറഞ്ഞിട്ടും, മുൻകൂർ ജാമ്യമെടുക്കാൻ പോലും തയ്യാറാകാതെ ഒരു ബിഷപ്പ്..! രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് ബിഷപ്പ് ജീവിക്കുകയാണ്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്നു ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. രാഷ്ട്രീയ സമ്മർദം തന്നെയാണ് ബിഷപ്പിന്റെ അറസ്റ്റ് വെകിപ്പിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെയും ഐജിയുടെയും ഇപ്പോഴത്തെ നിലപാടുകൾ.
കഴിഞ്ഞ ദിവസം ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം. കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ചു രണ്ടായിരം പേജുള്ള റിപ്പോർട്ടാണ് ഡിവൈ.എസ്.പി പി.കെ സുഭാഷ് അന്വേഷണ സംഘത്തലവനായ ഐജി വിജയ് സാഖറയ്ക്കു മുന്നിൽ സമർപ്പിച്ചത്. എന്നാൽ, തെളിവുകൾ പോരെന്ന മറുപടിയാണ് ഐജി നൽകിയത്. ബിഷപ്പിനെതിരെ ഇരുപതോളം പേരാണ് മൊഴി നൽകിയിരിക്കുന്നത്. സംഭവം നടന്നു എന്നു പറയുന്ന സമയങ്ങളിലെല്ലാം ബിഷപ്പ് സ്ഥലത്തുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും തെളിവായി പോരെന്ന വാദമാണ് ഐജി അന്വേഷണ സംഘത്തിനു മുന്നിൽ വയ്ക്കുന്നത്.
ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ മൊബൈൾ ഫോൺ കോൾ വിശദാംശങ്ങളും, സിസിടിവി ദൃശ്യങ്ങളും സംഘടിപ്പിക്കണമെന്ന നിർദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇത് കേസ് അട്ടിമറിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന വാദമാണ് ഒരു വിഭാഗം ഇപ്പോൾ ഉയർത്തുന്നത്. കേസ് അന്വേഷണം കൂടുതൽ തെളിവുകൾ ശേഖരിച്ച് പൂർത്തിയാക്കാൻ മൂന്നു ആഴ്ച സമയമാണ് അന്വേഷണ സംഘത്തിനു ഐജി നൽകിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തും. മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം മതി അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ എന്ന സന്ദേശമാണ് ഇതിലൂടെ ഐജി നൽകുന്നത്. ഇത് അന്വേഷണ സംഘത്തെ കൂടുതൽ സമ്മർദത്തിലാക്കി. കേസിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഐജിയുടെ നിലപാടുകൾ എന്നാണ് സൂചന.