മണർകാട് പള്ളിയിലേക്ക് ഭക്തജന പ്രവാഹം
സ്വന്തം ലേഖകൻ
മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേയക്ക് നോമ്പുനോറ്റെത്തുന്ന വിശ്വാസികളുടെ തിരക്കേറുന്നു. കന്യക മറിയത്തിന്റെ ജനന പെരുനാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണം മൂന്നുദിനങ്ങൾ പിന്നിട്ടു. മാതാവിനോടുള്ള അപേക്ഷകളും പ്രാർഥനകളുമായി അനുഗ്രഹം തേടിയെത്തുന്ന ഭക്തരാൽ പള്ളിയങ്കണം നിറഞ്ഞു. പള്ളിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള കന്യക മറിയത്തിന്റെ ഇടക്കെട്ട് വണങ്ങുന്നതിനും, കൽക്കുരിശിങ്കൽ പ്രാർഥിക്കുന്നതിനും തീർത്ഥാടകരുടെ ഒഴുക്കാണ്. തിങ്കളാഴ്ച രാവിലെ കരോട്ടെ പള്ളിയിലെ കുർബ്ബാനയ്ക്കുശേഷം വലിയ പള്ളിയിൽനടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ക്നാനായ അതിഭദ്രാസന റാന്നി മേഖലാ മെത്രാപ്പൊലീത്ത കുറിയാക്കോസ് മോർ ഈവാനിയോസ് പ്രധാന കാർമികത്വം വഹിച്ചു. ഫാ. ഷിബു ജോൺ കുറ്റിപറിച്ചേൽ, ഫാ.തോമസ് ഏബ്രഹാം മലേച്ചേരിൽ, ഫാ. എബി ജോൺ കുറിച്ചിമല, ഫാ. ടിജു വർഗീസ് പൊൻപള്ളി എന്നിവർ പ്രസംഗിച്ചു. എട്ടുനോമ്ബ് പെരുന്നാളിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നവതി ആഘോഷവും ഇന്ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ നവതി അനുമോദനം മാർത്തോമ്മാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും.