പുലിയായാലും വിടില്ല: പുലിയെപ്പോലും കൊന്ന് തിന്നുന്ന മലയാളികൾ; ഇടുക്കിയിൽ പുള്ളിപ്പുലിയെ കൊന്നു തിന്ന അഞ്ചംഗ സംഘം അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
ഇടുക്കി: പുലിയായാൽ പോലും മലയാളികൾ വെറുതെ വിടില്ല. ഇടുക്കിയിൽ പുലിയെ കെണിവച്ചു പിടിച്ചു കറിവച്ചു തിന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിലായതോടെയാണ് സംഭവത്തിനു പിന്നിലെ ഞെട്ടിക്കുന്ന കഥകൾ പുറത്തായത്.
ഇടുക്കി മാങ്കുളത്താണ് പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ചത്. ആറ് വയസുള്ള പുള്ളിപ്പുലിയെയാണ് വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ച കേസിൽ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിൻസന്റ് എന്നിവരെ ആണ് വനപാലകർ അറസ്റ്റ് ചെയ്തത്.
കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടി കൂടുകയായിരുന്നു. ആറു വയസ്സ് പ്രായമുള്ള ആൺ പുലിയെയാണ് പിടികൂടിയത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും പുലി മാംസംകൊണ്ടുള്ള കറിയും പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോഗ്രാം മാംസവും പ്രതികളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പു കേബിൾ ഉപയോഗിച്ചാണ് കൃഷിടത്തിൽ കെണി ഒരുക്കിയിരുന്നത്. പുലിക്കു 40 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.